പെണ്‍കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ആശങ്ക ഉളവാക്കുന്നുവെന്ന് വനിതാ കമ്മീഷന്‍
ചെറിയ പ്രശ്നങ്ങളില്‍ പോലും കുടുംബത്തിനകത്ത് തെറ്റായ രീതിയില്‍ ഇടപെടുന്ന രീതി അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥന

കാസര്‍കോട്: സമൂഹത്തില്‍ അടുത്ത കാലത്തായി പെണ്‍കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയില്‍ ആശങ്ക അറിയിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ. കുടുംബാന്തരീക്ഷത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബത്തിനകത്ത് നിന്നും സമൂഹത്തില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് നല്ല പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കേരള വനിതാ കമ്മീഷന്‍ നടത്തിയ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ചെറിയ പ്രശ്നങ്ങളില്‍ പോലും കുടുംബത്തിനകത്ത് തെറ്റായ രീതിയില്‍ ഇടപെടുന്ന രീതി അവസാനിപ്പിക്കണമെന്നും കമ്മിഷന്‍ അംഗം അഭ്യര്‍ഥിച്ചു. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേരള സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, കുടുംബത്തിലെ സ്വര്‍ണ്ണം, ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയാണ് കമ്മീഷന് മുന്നിലെത്തിയത്.
സ്ത്രീകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്നും സമൂഹത്തില്‍ വിദ്യാഭ്യാസ നിലവാരം വര്‍ധിച്ച് വരുമ്പോഴും തെറ്റായ പ്രവണതകള്‍ വളര്‍ന്നു വരുന്നുവെന്നും ഇത് സ്ത്രീ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.
സിറ്റിങ്ങില്‍ ആകെ 52 പരാതികളാണ് പരിഗണിച്ചത്. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രതാ സമിതിക്ക് വിട്ടു. 42 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ വുമണ്‍ സെല്‍ എസ്.ഐ എം.വി ശരണ്യ, വുമണ്‍ സെല്‍ എ.എസ്.ഐ എ.എം ശാരദ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, ജില്ലാ ജാഗ്രതാ സമിതി കൗണ്‍സിലര്‍ പി. സുകുമാരി, ഐ.സി.ഡി.എസ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.