ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ജീവനക്കാര്‍

കാസര്‍കോട് പട്ട് ളം പരപ്പച്ചാല്‍ പുതിയപള്ളിക്ക് സമീപം താമസിക്കുന്ന 23 വയസ്സുകാരിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

കാസര്‍കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. യുവതിക്കും കുഞ്ഞിനും രക്ഷകരായത് ജീവനക്കാരുടെ സമയോചിതമായ ഇപെടല്‍. കാസര്‍കോട് പട്ട് ളം പരപ്പച്ചാല്‍ പുതിയപള്ളിക്ക് സമീപം താമസിക്കുന്ന 23 വയസ്സുകാരിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാത്രി 11.45 നാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് സഹായം തേടിയുള്ള അത്യാഹിത സന്ദേശം എത്തുന്നത്.

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് സിജുകുട്ടന്‍ വി.പി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഗ്രേഷ്മ കെ.വി എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.

എന്നാല്‍ ആംബുലന്‍സ് ഏഴാം മൈല്‍ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാകുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഗ്രേഷ്മ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്ന് കണ്ട് ആംബുലന്‍സില്‍ തന്നെ പ്രസവം എടുക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.

ഗ്രേഷ്മയുടെ പരിചരണത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.7 ന് യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഗ്രേഷ്മ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുശ്രൂഷ നല്‍കി. അതിനുശേഷം ആംബുലന്‍സ് പൈലറ്റ് സിജുകുട്ടന്‍ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Related Articles
Next Story
Share it