മദ്യ-ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് പൊലീസ് നീക്കങ്ങളറിയാന്‍ വാട്സ് ആപ്പ് ഗ്രൂപ്പ് ; 19 പേര്‍ക്കെതിരെ കേസ്
രാജപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാട് സ് ആപ്പ് ഗ്രൂപ്പ് ആണ് പൊലീസ് കണ്ടെത്തിയത്

കാഞ്ഞങ്ങാട്: മദ്യ- ലഹരിക്കടത്ത്, ഓണ്‍ലൈന്‍ ലോട്ടറി സംഘങ്ങള്‍ക്ക് പൊലീസ് നീക്കങ്ങള്‍ അറിയാന്‍ വാട് സ് ആപ്പ് ഗ്രൂപ്പ്. രാജപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാട് സ് ആപ്പ് ഗ്രൂപ്പ് ആണ് പൊലീസ് കണ്ടെത്തിയത്. പിന്നാലെ 19 പേര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം നടന്ന കോമ്പിങ്ങ് ഓപ്പറേഷന്റെ ഭാഗമായാണ് അനധികൃത മദ്യ-ലഹരി കടത്ത് സംഘത്തിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് പൊലീസ് കണ്ടെത്തിയത്. രാജപുരം എസ് ഐ. സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പ് കണ്ടെത്തിയത്. കഴിഞ്ഞദിവസം കോളിച്ചാലില്‍ അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ഫോണ്‍ പരിശോധിക്കുന്നതിനിടെയാണ് ഫാമിലി എന്ന പേരുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടെന്നറിയുന്നത്. രാജപുരം പൊലീസ് സ്റ്റേഷനും പാണത്തൂരിലെ പൊലീസ് ടീമിനും പ്രത്യേക കോഡ് നല്‍കിയാണ് ഇവരുടെ നീക്കങ്ങള്‍ മദ്യക്കടത്ത് സംഘം കൈമാറുന്നത്. 80 അംഗങ്ങളാണ് ഗ്രൂപ്പില്‍ ഉള്ളത്.
എസ്.ഐ സി. പ്രദീപ് കുമാര്‍ നേരിട്ട് നല്‍കിയ പരാതിയിലാണ് കേസ്. അപ്പു റിഷി, സതി, വൈശാഖ്, സുജി, മനു കൃഷ്ണന്‍, സജി പി ആര്‍, ബാലന്‍, യാക്കൂബ്, പ്രിന്‍സ് കോളിച്ചാല്‍ ചന്ദ്രന്‍, ബിനോയ് ജോണ്‍, നിസാര്‍ കോളിച്ചാല്‍, രവി, ജിതേഷ്, സുധീഷ്, വിനീത്, വിനുരാജ്, അനീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.