ജില്ലയില്‍ മാലിന്യ സംസ്‌കരണം കീറാമുട്ടി; നിയമലംഘനങ്ങള്‍ക്ക് കുറവില്ല

കാസര്‍കോട്: ജില്ലയില്‍ മാലിന്യ സംസ്‌കരണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്നു. മാലിന്യ സംസ്‌കരണ രംഗത്ത് പുരോഗതി കൈവരിച്ചെങ്കിലും പൂര്‍ണമായും ലക്ഷ്യത്തിലെത്താന്‍ ജില്ലയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ഏഴ്് മാസത്തിനിടെ് 13 ലക്ഷത്തിലധികം രൂപയാണ് അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ടീം വിവിധ ഇടങ്ങളില്‍ നിന്നായി പിഴ ഈടാക്കിയത്. ടൗണ്‍ഷിപ്പുള്ള പഞ്ചായത്തുകളില്‍ മിക്ക പഞ്ചായത്തുകളിലും പ്രധാന പാതയ്ക്കരികില്‍ മാലിന്യം വലിച്ചെറിയലിന് കുറവു വന്നിട്ടില്ല. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും അലക്ഷ്യമായി കൂട്ടിയിട്ടതിനുമാണ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏറെ പിഴ ചുമത്തിയിട്ടുള്ളത്. ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റ്, ക്വാര്‍ട്ടേഴ്‌സ് സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഇവിടങ്ങളിലുള്ള മാലിന്യ സംസ്‌കരണമാണ് ആശങ്കയുണ്ടാക്കുന്നത്. ഫ്‌ളാറ്റുകളിലെയും അപ്പാര്‍ട്ട്‌മെന്റുകളിലെയും ക്വാര്‍ട്ടേഴ്‌സിലേയും താമസക്കാര്‍ക്ക് ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ഉപാധികള്‍ ഇല്ല എന്നതാണ് തിരിച്ചടിയാവുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ജൈവ മാലിന്യ സംസ്‌കരണത്തിന് പ്രത്യേകം സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. സാനിറ്ററി നാപ്കിന്‍സ് കുട്ടികളുടെ നാപ്കിന്‍സ് എന്നിവയുടെ സംസ്‌കരണവും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇവ സംസ്‌കരിക്കാന്‍ കമ്യൂണിറ്റി തലത്തില്‍ തന്നെ ഒരു സംവിധാനം വരണമെന്നാണ് ആവശ്യം. ഉപയോഗിച്ച ജലം പൊതു ഓടയിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്നതും ജില്ല നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 50,000 രൂപ വരെ ജില്ലയില്‍ പിഴ ചുമത്തിയിട്ടുണ്ട്.

മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാനുള്ള ഇടപെടല്‍ ശക്തമാക്കുമെന്നും ജില്ല മാലിന്യ സംസ്‌കരണത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണ ലക്ഷ്യം കൈവരിച്ചിട്ടില്ലെന്നും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡല്‍ കെ.വി മുഹമ്മദ് മദനി പറഞ്ഞു. ആശുപത്രികള്‍,പ്രധാന കെട്ടിടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും വിഭാവനം ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള പ്ലാന്റുകള്‍ എതിര്‍പ്പുകള്‍ മറികടന്ന് എത്രയും വേഗം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചാല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it