വിസതട്ടിപ്പ്; ബംഗളൂരുവില്‍ പിടിയിലായ നീലേശ്വരം സ്വദേശിക്കെതിരെ ബേക്കലിലും കേസ്
നീലേശ്വരം ചിറപ്പുറത്തെ പാലക്കാട്ട് ഉല്ലാസിനെതിരെയാണ് കേസ്

ബേക്കല്‍ : വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായ നീലേശ്വരം സ്വദേശിക്കേതിരെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലും കേസ്. നീലേശ്വരം ചിറപ്പുറത്തെ പാലക്കാട്ട് ഉല്ലാസിനെ (40)തിരെയാണ് കേസ്. പനയാല്‍ ദേവന്‍ പൊടിച്ചപാറയിലെ ബാലകൃഷ്ണന്റെ മകന്‍ എം ഗോപകുമാറിന്റെ(26) പരാതിയിലാണ് ഉല്ലാസിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്.
ഗോപകുമാറിന് ഫിന്‍ലാന്റിലിലേക്ക് ജോലിയുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് പിതാവില്‍ നിന്നും പല തവണകളിലായി 8 ലക്ഷം രൂപ വാങ്ങി വിസ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. 2023 സെപ്തംബര്‍ 21 മുതല്‍ വിവിധ തവണകളിലായി എട്ടരലക്ഷം രൂപബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും നേരിട്ട് നല്‍കിയിട്ടും വിസയോ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് ഗോപകുമാറിന്റെ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞദിവസം ബംഗളൂരു എയര്‍ പോര്‍ട്ടില്‍ നിന്നുമാണ് ഉല്ലാസിനെ ചിറ്റാരിക്കാല്‍ എസ്.ഐ കെ.വി മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

