പുഞ്ചാവി കടപ്പുറത്ത് കുടുംബസംഗമം നടക്കുന്നതിനിടെ അക്രമം; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: പുഞ്ചാവി കടപ്പുറത്ത് കുടുംബസംഗമം നടക്കുന്നതിനിടെയുണ്ടായ അക്രമത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് കടപ്പുറം വെല്ലുമ്മാട് താഹ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ കെ. മുഹ്സീന(30), കല്ലൂരാവി ബാവ നഗറിലെ ബി. മുസീഫ(45), എ.പി ആരിഫ(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ സി.എച്ച് ബഷീര്‍, സി.എച്ച് ജാഫര്‍, സി.എച്ച് ഷംസു, സി.എച്ച് മൂസ, സി.എച്ച് നൂറു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം പുഞ്ചാവി കടപ്പുറത്ത് കുടുംബസംഗമം സംഘടിപ്പിച്ചിരുന്നു. മുഹ്സീനയും മാതാവും ബന്ധുവും മുഹ്സീനയുടെ ഭര്‍ത്താവിന് റാഷിദ് എന്നയാളില്‍ നിന്നും ലഭിക്കാനുള്ള പണം ആവശ്യപ്പെട്ടാണ് കുടുംബസംഗമം നടക്കുകയായിരുന്ന സ്ഥലത്തെത്തിയത്. ഇതിനിടെ സി.എച്ച് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം മുഹ്സീനയുടെ തലക്ക് കസേര കൊണ്ടടിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കല്ലൂരാവി ചിറമ്മലിലെ സി.എച്ച് ഷംസുദ്ദീനെ(43) തള്ളിയിട്ട് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it