ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവം; നടുക്കം മാറാതെ കുറ്റിക്കോല്‍ ഗ്രാമം

കഴുത്തിനേറ്റ മുറിവുകളോടെ ഭാര്യ സിനി ചെങ്കള സഹകരണാസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു

കുറ്റിക്കോല്‍: ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവത്തില്‍ നടുക്കം മാറാതെ കുറ്റിക്കോല്‍ ഗ്രാമം. കുറ്റിക്കോല്‍ പന്തയങ്ങാനത്തെ കെ സുരേന്ദ്ര(50)നാണ് കഴിഞ്ഞദിവസം മരിച്ചത്. കഴുത്തിനേറ്റ മുറിവുകളോടെ ഭാര്യ സിനി ചെങ്കള സഹകരണാസ്പത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. കഴുത്തിന് മുന്‍ഭാഗത്ത് മുറിവേറ്റ നിലയില്‍ സിനി അയല്‍വീട്ടിലെത്തി തന്നെ ഭര്‍ത്താവ് വാക്കത്തികൊണ്ട് വെട്ടിയതായി അറിയിച്ചു. വിവരമറിഞ്ഞ് വീടിന് സമീപത്തെ ബന്ധുക്കള്‍ സുരേന്ദ്രനെ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് ഏണിപ്പടിയുടെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഈ സമയം ഒന്നരവയസും അഞ്ച് വയസമുള്ള മക്കള്‍ അടുത്ത മുറിയില്‍ കിടക്കുകയായിരുന്നു. സംഭവമറിഞ്ഞ് അയല്‍വാസികളായ ബന്ധുക്കളെത്തുമ്പോള്‍ കുട്ടികളിലൊരാള്‍ ഉണര്‍ന്നിരുന്നെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. വെട്ടേറ്റ പരിക്കുകളോടെ സിനി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോഡ്രൈവറാണ്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

പരേതരായ അമ്പു മണിയാണിയുടെയും നാരായണിയുടെയും മകനാണ് സുരേന്ദ്രന്‍. കുറ്റിക്കോല്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സായന്തിക, ഇഷാന്‍ ഗോവിന്ദ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: കെ ഗോപാലന്‍, കെ രാഘവന്‍, കെ രാജന്‍, കെ ദിനേശന്‍, കെ ശാന്തകുമാരി. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ടുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it