ജില്ലയിലെ രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി അനധികൃത പണം കൈപറ്റിയെന്ന് കണ്ടെത്തല്‍
കാസര്‍കോട്, ബദിയഡുക്ക, നീലേശ്വരം രജിസ്ട്രാര്‍ ഓഫീസുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്

കാസര്‍കോട്: ജില്ലയിലെ മൂന്ന് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കാസര്‍കോട്, ബദിയഡുക്ക, നീലേശ്വരം രജിസ്ട്രാര്‍ ഓഫീസുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബദിയഡുക്ക രജിസ്ട്രാര്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം ഗുഗിള്‍ പേ വഴി കൈപറ്റിയതായി കണ്ടെത്തി.
1,86,000 രൂപയോളം ഗൂഗിള്‍ പേ വഴി വാങ്ങിയെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ആധാരം എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ പണം കൈപറ്റിയത്. നേരത്തെ രജിസ്ട്രാര്‍ ആയിരുന്ന ആര്‍ വിനോദ് വ്യാഴാഴ്ച രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന ഭാസ്‌ക്കരന്‍, അബൂബക്കര്‍ സിദ്ദീഖ്, യദുകൃഷ്ണന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്.
കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ആധാരമെഴുത്തുകാരാണ് ഈ തുക അയച്ചുകൊടുത്തതെന്ന് വ്യക്തമായി. നേരിട്ട് പണം കൈപറ്റിയാല്‍ പിടിക്കപ്പെടുമെന്ന് കരുതി ആധാരമെഴുത്തുകാര്‍ മുഖേന ഗൂഗിള്‍ പേ വഴി ചില ഉദ്യോഗസ്ഥര്‍ ഇടപാട് നടത്തുകയാണെന്ന് തെളിയുകയായിരുന്നു. റവന്യൂ വകുപ്പില്‍ ഭൂമി രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ വന്‍തോതില്‍ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വിജിലന്‍സ് മേധാവി മനോജ് അബ്രഹാമിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാപകമായി പരിശോധന നടത്തിയത്.
കാസര്‍കോട്ടേയും നീലേശ്വരത്തേയും രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.