അപകട മുനമ്പായി വിദ്യാനഗര്‍ ജംഗ്ഷന്‍; ആര്‍ക്കും വേണ്ടാതെ എന്‍.എച്ച് ബസ് സ്റ്റോപ്പ്

കാസര്‍കോട്: ദേശീയ പാത 66ല്‍ വിദ്യാനഗര്‍ സര്‍വീസ് റോഡിലെ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കും അപകട സാധ്യതയും കൂടുന്നു. വിദ്യാനഗറില്‍ ദേശീയ പാത അതോറിറ്റി ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവിടെ ബസ് നിര്‍ത്താതെ സീതാംഗോളിയിലേക്കുള്ള റോഡും മറികടന്ന് കടകള്‍ക്ക് മുന്നില്‍ സീബ്രാ ലൈനില്‍ നിര്‍ത്തുന്നത് പതിവാകുന്നു. രാവിലെയും വൈകീട്ടും വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ കൂട്ടംകൂടി നില്‍ക്കുന്നതോടെ കാല്‍നടയാത്രക്കാരും മറ്റ് വാഹനങ്ങളുമാണ് ദീര്‍ഘനേരം ഇവിടെ കുടുങ്ങിക്കിടക്കുന്നത്. വിദ്യാനഗര്‍ അടിപ്പാതയിലൂടെ കടന്നു പോകേണ്ടവരും കടകളിലേക്ക് വരേണ്ടവരും മറ്റ് വാഹനങ്ങളും ജനത്തിരക്ക് കാരണം വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. വൈകീട്ട് നാല് മണിക്ക് ശേഷം എല്ലാ ബസ്സുകളും ഈ താത്കാലിക ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തുന്നതോടെ സീതാംഗോളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിലമരുകയാണ്. ബി.സി റോഡ് ഭാഗത്ത് നിന്ന് വരുന്ന കാല്‍നടയാത്രക്കാരും , വിദ്യാര്‍ത്ഥികളുടെയും മറ്റ് യാത്രക്കാരുടെയും ഇടയിലൂടെ ഏറെ പണിപ്പെട്ട് വേണം അടിപ്പാതയിലേക്കെത്താന്‍. അടിപ്പാതയിലൂടെ കടന്നുപോകാന്‍ സര്‍വീസ് റോഡില്‍ സീബ്രാ ലൈന്‍ ഉണ്ടെങ്കിലും ഈ സീബ്രാ ലൈനിലാണ് ബസ്സുകള്‍ നിര്‍ത്തിയിടുന്നത്. ബസ്സുകള്‍ കൂടി നിര്‍ത്തിയിടുന്നതോടെ ആള്‍ക്കൂട്ടവും ഗതാഗതക്കുരുക്കും കൂടും.

ഗവണ്‍മെന്റ് കോളേജിന് ശേഷം ദേശീയപാത സര്‍വീസ് റോഡില്‍ അസാപ്പ് കമ്യൂണിറ്റി പാര്‍ക്കിന് സമീപം പുതിയ ബസ് സ്‌റ്റോപ്പ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത് അനാഥമായി കിടക്കുകയാണ്. ബസ്സുകള്‍ ഇവിടെ നിര്‍ത്തിയാല്‍ വിദ്യാനഗര്‍ ജംഗ്ഷനില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ആള്‍ക്കൂട്ടത്തിനും പരിഹാരമാകും. വിദ്യാനഗറില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ബസ്സുകളുടെ താത്കാലിക ബസ് സ്‌റ്റോപ്പിന് മൗനാനുവാദം നല്‍കുകയാണ്. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസുകാര്‍ ഇല്ലാത്ത ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവും സീബ്രാ ലൈനിലൂടെ മറുവശത്തേക്ക് കടക്കേണ്ടവര്‍ക്ക് സീബ്രാ ലൈനില്‍ നിര്‍ത്തിയിടുന്ന ബസ്സിനെയും മറികടക്കേണ്ട സാഹചര്യമാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it