ഇവിടെയൊരു റോഡുണ്ടായിരുന്നു..! ശാപമോക്ഷമില്ലാതെ വിദ്യാനഗര്‍ വ്യവസായ എസ്‌റ്റേറ്റ് റോഡ്

വിദ്യാനഗര്‍: റോഡേതാ കുഴിയേതാ എന്നറിയാത്ത അവസ്ഥയിലാണ് വിദ്യാനഗറില്‍ നിന്ന്് വ്യവസായ എസ്‌റ്റേറ്റ് വരെയുള്ള റോഡിലെ മിക്ക ഭാഗങ്ങളും. മഴയ്ക്ക് മുമ്പേ തകര്‍ന്ന റോഡ് ടാറിടാന്‍ ഏറെ സമയമുണ്ടായിട്ടും അധികൃതര്‍ അവഗണിച്ചതിന്റെ ദുരിതം സഹിക്കേണ്ടി വരുന്നത് ഇതുവഴിയുള്ള വാഹനയാത്രികരും കാല്‍നടയാത്രക്കാരുമാണ്. മിക്കയിടങ്ങളിലെയും റോഡുകള്‍ ഒലിച്ചുപോയി. വിദ്യാനഗറില്‍ ദേശീയപാത സര്‍വീസ് റോഡില്‍ നിന്ന് സിഡ്‌കോ വ്യവസായ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ തുടക്കം മുതലാണ് കുഴികളുടെ തുടക്കം. നേരത്തെ റോഡ് ഇറങ്ങി വരുന്ന ഇടത്ത് ഇവിടെ കരിങ്കല്‍ ജെല്ലിയും കല്ലുകളും പാകിയിരുന്നു. ഇത് മഴ പെയ്തതോടെ ഒലിച്ചു പോയി. സിഡ്‌കോ എസ്‌റ്റേറ്റിന്റെ ഓഫീസ് മുതല്‍ റോഡ് തകര്‍ന്ന് നാമാവശേഷമായിരിക്കുകയാണ്. റോഡിന്റെ ദയനീയാവസ്ഥ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനങ്ങിയില്ലെന്ന് പരിസരത്തെ തൊഴിലാളികളും കടയുടമകളും പറഞ്ഞു. ദിവസേന വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ പലതവണ കുഴിയില്‍ വീണ സാഹചര്യവും ഉണ്ടായി. മഴ പെയ്തതോടെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിറയെ വെള്ളമാണ്. കുഴികളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴി പോകാനാവാത്ത അവസ്ഥയാണ്്. 'നമ്മടെ കാസ്രോഡ്' വികസന ചര്‍ച്ചയില്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ ഭാരവാഹികള്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റ് നേരിടുന്ന ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നു.ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വ്യവസായ മേഖലയിലെ റോഡുകള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ റോഡിന്റെ പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it