വീരമലക്കുന്ന്: ദേശീയപാത ഗതാഗതത്തില്‍ ആശയക്കുഴപ്പം

ചെറുവത്തൂര്‍: വീരമലക്കുന്നില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ആശയക്കുഴപ്പം. വലിയ വാഹനങ്ങള്‍ മാത്രമേ വീരമലക്കുന്ന് ദേശീയ പാത വഴി പോകാന്‍ പാടുള്ളൂ എന്ന കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ഞായറാഴ്ച എല്ലാ വാഹനങ്ങളും പൊലീസ് കടത്തിവിട്ടു. ഇത് വാര്‍ത്തയായതോടെ തിങ്കളാഴ്ച വീണ്ടും വാഹനങ്ങള്‍ തടഞ്ഞു. നേരത്തെ മണ്ണിടിഞ്ഞതിന് പിന്നാലെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ചെറുവത്തൂര്‍- പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നീലേശ്വരം ദേശീയ പാതയില്‍ നിന്നും കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശീയ പാത വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും നിലേശ്വരം - കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോത്തായിമുക്ക് - കാങ്കോല്‍ -ചിമേനി കയ്യൂര്‍ -ചായ്യോത്ത് വഴി നിലേശ്വരം ദേശീയ പാതയിലേക്ക് എത്തിച്ചേരുന്ന രീതിയിലുമാണ് ഗതാഗതം ക്രമീകരിച്ചിരുന്നത് . കരിവെള്ളൂര്‍ - പാലക്കുന്ന് വെളളച്ചാല്‍ - ചെമ്പ്രകാനം -കയ്യൂര്‍ - ചായ്യോത്ത് വഴി നീലേശ്വരത്തേക്ക് എത്തുന്ന രീതിയിലും ഗതാഗതം ഒരുക്കിയിരുന്നു.
എന്നാല്‍ ഞായറാഴ്ച എല്ലാ വാഹനങ്ങളെയും പൊലീസ് കടത്തിവിടുകയായിരുന്നു. റെഡ് അലര്‍ട്ട് നില നില്‍ക്കുന്ന സാഹചര്യത്തില്‍ മാത്രം ഗതാഗതം തടഞ്ഞാല്‍ മതിയെന്നായിരുന്നു ദേശീയപാതാ പ്രൊജക്ട് ഡയറക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഗതാഗതം പുന;സ്ഥാപിച്ച് കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നില്ല. ഇതിനിടെയാണ് ഞായറാഴ്ച എല്ലാ വാഹനങ്ങളും കടന്നുപോയത്.
ജൂണ്‍ 23നാണ് ചെറുവത്തൂര്‍ മയിച്ച ദേശീയപാതയിലേക്ക് വീരമലക്കുന്ന് ഇടിഞ്ഞ് വീണത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. റോഡിലേക്ക് വീണ് കിടക്കുന്ന മണ്ണ് മാറ്റിയെങ്കിലും വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മേഘ കമ്പനിക്കാണ് ഇവിടെ നിര്‍മാണ ചുമതല. ആവശ്യത്തിലും അധികം മണ്ണെടുത്തതിനെ തുടര്‍ന്നാണ് വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നത്.