വീരമലക്കുന്ന് ; 'ഇനിയും പൊറുക്കാനാവില്ല'; പ്രക്ഷോഭത്തിനൊരുങ്ങി മയ്യിച്ച നിവാസികള്‍

ചെറുവത്തൂര്‍: ദേശീയപാത 66ന്റെ വികസനത്തിനായി ഒരു കുന്ന് മുഴുവന്‍ തുരന്നെടുത്തപ്പോള്‍ ഭീഷണിയിലായത് നാല്പതോളം കുടുംബങ്ങളാണ്. ചെറുവത്തൂര്‍ മയ്യിച്ചയില്‍ വീരമലക്കുന്ന് അളവിലും അധികം മണ്ണെടുത്ത് നാമാവശേഷമാക്കിയപ്പോള്‍ അവശേഷിച്ചത് ഏത് നിമിഷവും സംഭവിക്കാവുന്ന ദുരന്തത്തെയാണ്. മയ്യിച്ചയിലെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീഷണിയായി മാറിയിരിക്കുകയാണ് വീരമലക്കുന്ന്. മയ്യിച്ചയിലെ കുടുംബങ്ങള്‍ക്കും വീരമലക്കുന്നിനും സംരക്ഷണം വേണമെന്ന മുറവിളിയാണ് ഇപ്പോള്‍ ഉയരുന്നത്. മയ്യിച്ചയിലെ കുടുംബങ്ങള്‍ ഇനി പ്രക്ഷോഭത്തിലേക്കാണ്. ഇതിനായി മയ്യിച്ച വികസന സമിതി രൂപീകരിച്ചുകഴിഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരെയും പങ്കെടുപ്പിച്ച് പ്രതിഷേധരംഗത്തേക്ക് കടക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിന് വീരമലക്കുന്ന് പരിസരത്ത് മനുഷ്യ മതില്‍ തീര്‍ക്കുമെന്ന് മയ്യിച്ച വികസന സമിതി ചെയര്‍മാന്‍ വി.വി കൃഷ്ണന്‍ ഉത്തരദേശത്തിനോട് പറഞ്ഞു. മയ്യിച്ച വയല്‍ക്കര ക്ഷേത്രം കവാടം മുതല്‍ വീരമലക്കുന്ന് വരെ ജനങ്ങള്‍ അണിനിരക്കും.
വീരമലക്കുന്ന് ഇടിഞ്ഞ ഘട്ടത്തില്‍ ഗതാഗതം നിര്‍ത്തിവെച്ചതോടെ മയ്യിച്ച പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. ഇത് ഇനിയും അനുവദിക്കാനാവില്ലെന്നും മയ്യിച്ചയിലെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും വീരമലക്കുന്ന് വഴിയുള്ള ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റണമെന്നും കൃഷ്ണന്‍ പറഞ്ഞു. നിലവില്‍ വീരമലക്കുന്നിന് സമീപം നിര്‍മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് മതില്‍ പര്യാപ്തമല്ലെന്നും മതിയായ ഉറപ്പുള്ള വലിയ മതില്‍ പണിയണമെന്നും കുന്നില്‍ നിന്ന് വരുന്ന ഉറവ ഒഴുകിപ്പോവാന്‍ കൃത്യമായ സംവിധാനം ഒരുക്കണമെന്നും വികസന സമിതി ആവശ്യപ്പെടുന്നു. നാട്ടുകാരുടെ ആവശ്യങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന നിവേദനം ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും നല്‍കാനാണ് സമിതിയുടെ തീരുമാനം.








