മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ ഉത്തരദേശം വാര്‍ത്ത ചൂടേറിയ ചര്‍ച്ചയായി; ഭാരവാഹികളില്‍ പലര്‍ക്കും വിമര്‍ശനം

കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി ഉത്തരദേശം വാര്‍ത്ത. മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളില്‍ ചിലര്‍ വര്‍ക്കിംഗ് കമ്മിറ്റിയുമായി ആലോചിക്കാതെ പല കാര്യങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്ന വിമര്‍ശനം യോഗത്തില്‍ ശക്തമായി ഉയര്‍ന്നു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട് എന്നിവരുടെ സാന്നിധ്യത്തില്‍, മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡണ്ട് കെ.എം ബഷീറിന്റെ അധ്യക്ഷതയിലാണ് ഇന്നലെ രാത്രി യോഗം ചേര്‍ന്നത്. യോഗം ഏതാണ്ട് മൂന്ന് മണിക്കൂറിലേറെ നീണ്ടു.

മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാനെതിരെ മുനിസിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറി സംസ്ഥാന അധ്യക്ഷന് പരാതി അയച്ചത് ഒരു കൂടിയാലോചനയുമില്ലാതെയാണെന്നും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ പോലും പല കാര്യങ്ങളും അറിയുന്നില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. ജില്ലാ നേതാവിനെതിരെ പരാതി അയച്ചത് മുഴുവന്‍ ഭാരവാഹികളെങ്കിലും അറിഞ്ഞിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നു. ഉത്തരദേശം പത്രത്തില്‍ വാര്‍ത്ത കണ്ടാണ് പല കാര്യങ്ങളും തങ്ങള്‍ അറിയുന്നതെന്നും വര്‍ക്കിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് ഭാരവാഹികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ ഭാരവാഹികള്‍ ഇത് സംബന്ധിച്ച് മറുപടി ഒന്നും പറയാതെ മൗനം പാലിക്കുകയായിരുന്നു. ഇതോടെ അംഗങ്ങളില്‍ പലരും രോഷാകുലരായെങ്കിലും മുനിസിപ്പല്‍ കമ്മിറ്റിയിലെ ഒരു ഭാരവാഹിക്കെതിരെ മൊയ്തീന്‍ കൊല്ലമ്പാടി തിരിഞ്ഞതോടെ ആ വിഷയം അവിടെ അവസാനിക്കുകയായിരുന്നു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടി ജില്ലാ കമ്മിറ്റി തന്നെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ അവിടെ വെള്ളം ഒഴിക്കാന്‍ വേണ്ടിയാണ് തന്നെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് പറഞ്ഞ് നഗരസഭാ ചെയര്‍മാന്റെ ഓഫീസില്‍ വെച്ച് ഒരു ഭാരവാഹി അപമാനിച്ചുവെന്നായിരുന്നു ഭാരവാഹിയുടെ പേര് പറഞ്ഞ് മൊയ്തീന്റെ വിമര്‍ശനം. രോഷാകുലനായാണ് മൊയ്തീന്‍ സംസാരിച്ചത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ഭാരവാഹി മറുപടി പറഞ്ഞെങ്കിലും മൊയ്തീന്‍ ശാന്തനായില്ല. തര്‍ക്കം ഏറെനേരം തുടര്‍ന്നു.

ഇന്നലെത്തെ യോഗത്തില്‍ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക് പുറമെ മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരെയും ക്ഷണിച്ചിരുന്നു. ഇന്നലെ ഉയര്‍ന്ന വിഷയങ്ങളിലെല്ലാം ഈ മാസം 20ന് വര്‍ക്കിംഗ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് യോഗം പിരിയുകയായിരുന്നു.

തുരുത്തി വാര്‍ഡ് ജനറല്‍ സെക്രട്ടറിയുടെ രാജിക്കത്ത് ചര്‍ച്ചയായി

കാസര്‍കോട്: മുസ്ലിംലീഗ് തുരുത്തി വാര്‍ഡ് ജനറല്‍ സെക്രട്ടറിയുടെ രാജിക്കത്തും മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായി. മുനിസിപ്പല്‍ കമ്മിറ്റിയിലെ ഒരു ഭാരവാഹിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണത്രെ, തുരുത്തി വാര്‍ഡ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് ഹാജി പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ രാജി മുനിസിപ്പല്‍ കമ്മിറ്റി സ്വീകരിച്ചിരുന്നില്ല. ഒരാഴ്ച മുമ്പ് ചേര്‍ന്ന മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ രാജിക്കത്ത് ചര്‍ച്ച ചെയ്ത് രാജി സ്വീകരിക്കാന്‍ ചില ഭാരവാഹികള്‍ ശ്രമം നടത്തിയെങ്കിലും ഒരു ഭാരവാഹി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. കിട്ടുന്ന രാജിക്കത്തുകളെല്ലാം മുന്‍പിന്‍ നോക്കാതെ സ്വീകരിക്കുകയല്ലാ വേണ്ടത്, അതാത് വാര്‍ഡുകളില്‍ ചെന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് ഉചിതമെന്നായിരുന്നു ഈ ഭാരവാഹിയുടെ വാദം. ഇതോടെ വാര്‍ഡ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് അന്ന് തീരുമാനിച്ചത്. തുരുത്തി വാര്‍ഡ് ജനറല്‍ സെക്രട്ടറിയുടെ രാജി സ്വീകരിച്ചിട്ടില്ലെങ്കിലും ഇന്നലത്തെ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. ഇത് തുരുത്തി വാര്‍ഡില്‍ നിന്നുവന്ന ഒരു ഭാരവാഹി ചോദ്യം ചെയ്തു. യോഗത്തിലേക്ക് ക്ഷണിക്കാന്‍ വേണ്ടി ഫോണ്‍ വിളിച്ചിരുന്നുവെന്നും എടുത്തില്ലെന്നുമായിരുന്നു മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുടെ മറുപടി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it