വാര്‍ത്ത ഫലം കണ്ടു; ചെര്‍ക്കള എന്‍.എച്ച് സര്‍വീസ് റോഡിന് ശാപമോക്ഷം; കുഴികള്‍ നികത്തി ടാര്‍ ചെയ്തു
റോഡിൻറെ ദുരിതാവസ്ഥ സംബന്ധിച്ച് ഉത്തരദേശം ' ചെര്‍ക്കള അല്ല ചേർക്കുളം' എന്ന പേരില്‍ വാര്‍ത്ത നല്‍കിയിരുന്നു

ചെര്‍ക്കള; ഒടുവില്‍ വാര്‍ത്ത ഫലം കണ്ടു. റോഡേതാ കുഴിയേതാ എന്നറിയാതെ പരിതാപകരമായിരുന്ന ചെര്‍ക്കള ദേശീയപാത സര്‍വീസ് റോഡിന് ഒടുവില്‍ ശാപമോക്ഷം. കുഴികള്‍ മാത്രം നിറഞ്ഞ് ഗതാഗതം ദു;സ്സഹമായ റോഡ്, ടാര്‍ ചെയ്തതോടെ ആശ്വാസമായത് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒപ്പം സമീപത്തെ കടക്കാര്‍ക്കുമാണ്. കനത്ത മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് ദുരിതപൂര്‍ണമായിരുന്നു ഇതുവഴിയുള്ള യാത്ര. നിരവധി തവണ അധികൃതരോട് പ്രദേശവാസികള്‍ പരാതി പറഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ല. ഓരോ തവണ റോഡ് തകര്‍ന്ന് തരിപ്പണമാവുമ്പോഴും ടാറിടാതെ താത്കാലികമായി ജെല്ലിപ്പൊടിയിട്ട് പരിഹാരം കാണുകയായിരുന്നു അധികൃതര്‍. മഴയും കൂടി പെയ്തതോടെ ഇത് പൊളിഞ്ഞ് റോഡ് കുളമായി മാറുകയായിരുന്നു. റോഡിൻറെ ദുരിതാവസ്ഥ സംബന്ധിച്ച് ഉത്തരദേശം ' ചെര്‍ക്കള അല്ല ചേർക്കുളം' എന്ന പേരില്‍ വാര്‍ത്ത നല്‍കിയിരുന്നു. റോഡിലെ കുഴികള്‍ നികത്തിയെങ്കിലും ഇവിടെയുള്ള അടിപ്പാത റോഡില്‍ നിലവില്‍ കുഴികള്‍ നിറഞ്ഞും ചെളികള്‍ നിറഞ്ഞും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചെര്‍ക്കളയിലേക്കുള്ള മേല്‍പ്പാതയ്ക്ക് താഴെയുള്ള മണ്ണ് മുഴുവന്‍ വെള്ളം കയറി മുഴുവന്‍ ചെളിയായി മാറിയിരിക്കുകയാണ്. ഇതാണ് സര്‍വീസ് റോഡിലേക്ക് ഒലിച്ചിറങ്ങുന്നത്.
ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള ദേശീയപാത 66 രണ്ടാം റീച്ചില്‍ അശാസ്ത്രീയമായാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും നേരത്തെ തന്നെ നിര്‍മാണക്കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനെതിരെ രംഗത്തുവന്നിരുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള യാത്ര, കനത്ത ആശങ്കയാണ് യാത്രക്കാരില്‍ സൃഷ്ടിക്കുന്നത്. തലപ്പാടി-ചെങ്കള റീച്ച് പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടും ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള രണ്ടാം റീച്ചില്‍ നിര്‍മാണപ്രവൃത്തികള്‍ ഇപ്പോഴും പാതിവഴിയിലാണെന്നും വേഗം പോര എന്നുമാണ് ആരോപണം.