കാസര്‍കോട്ടെ ആറുവയസുകാരന്‍ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

കാസര്‍കോട്: കാസര്‍കോട്ടെ ആറുവയസുകാരന്‍ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കാസര്‍കോട്ടെ കുട്ടിക്ക് പുറമെ കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം കേരളത്തില്‍ 42-ലധികം പേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കിണറുകളിലും വീടുകളിലേയും സ്ഥാപനങ്ങളിലേയും ജലസംഭരണികളിലും ക്ലോറിനേഷന്‍ നടത്താന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു ക്യാമ്പയിന്‍ നടത്തിവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഇതിനു വേണ്ട നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും ബോധവല്‍ക്കരണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.