കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പിന് സാധ്യത
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, മരുസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കാണ് സ്റ്റോപ്പ് പരിഗണനയിലുള്ളത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിക്കാനുള്ള സാധ്യതകളേറി. ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നറിയുന്നു. മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, മരുസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കാണ് സ്റ്റോപ്പ് പരിഗണനയിലുള്ളത്. നേരത്തെ മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പുണ്ടായിരുന്നു. കോവിഡ് കാലത്ത് സ്റ്റോപ്പ് ഒഴിവാക്കുകയായിരുന്നു.
പിന്നീട് ഒരു ഭാഗത്തെ സ്റ്റോപ്പ് മാത്രം പുന:സ്ഥാപിച്ചു. എറണാകുളത്തുനിന്നും നിസാമുദ്ദീനിലേക്ക് പോകുമ്പോഴാണ് സ്റ്റോപ്പ് അനുവദിച്ചത്. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് പോകുമ്പോഴുള്ള സ്റ്റോപ്പ് പുന:സ്ഥാപിച്ചിട്ടില്ല. നീലേശ്വരത്ത് സ്റ്റോപ്പുണ്ട്. കാഞ്ഞങ്ങാട് ഇറങ്ങേണ്ടവര്‍ നീലേശ്വരത്തെത്തി വീണ്ടും കാഞ്ഞങ്ങാട്ടേക്ക് തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. രാത്രി 1.5 നാണ് ട്രെയിന്‍ നീലേശ്വരത്തെത്തുന്നത്. അസമയത്ത് നീലേശ്വരത്തിറങ്ങി കാഞ്ഞങ്ങാട്ടേക്കെത്താന്‍ യാത്രക്കാര്‍ ഏറെ ദുരിതമനുഭവിക്കുകയാണ്.
എറണാകുളത്തു നിന്നും അജ്മീറിലേക്കുള്ള മരുസാഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനും കാഞ്ഞങ്ങാട് സ്റ്റോപ്പ് ലഭിക്കുന്നതോടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പരിഹരിക്കാന്‍ പോകുന്നത്. ഈ ട്രെയിനിന് ഇപ്പോള്‍ കാസര്‍കോട് മാത്രമാണ് ജില്ലയില്‍ സ്റ്റോപ്പുള്ളത്. ഇതിന് സ്റ്റോപ്പ് ലഭിക്കുന്നതോടെ കാഞ്ഞങ്ങാട് നിന്നുള്ള അജ്മീര്‍ തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ജില്ലയിലെ പല സ്റ്റേഷനുകളിലും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിച്ചിരുന്നു. മംഗള ലക്ഷദ്വീപ്, മരുസാഗര്‍ ട്രെയിനുകളുടെ സ്റ്റോപ്പിന് വേണ്ടിയും എം.പിയുടെ നിരന്തര സമ്മര്‍ദമുണ്ട്.