ശബരിമല ദര്‍ശനത്തിന് പോയ കാസര്‍കോട് സ്വദേശികളില്‍ നിന്ന് പണം തട്ടി; 2 പേര്‍ അറസ്റ്റില്‍

ഇടുക്കി പീരുമേട് റാണിക്കോവില്‍ എസ്റ്റേറ്റ് സ്വദേശികളായ കണ്ണന്‍, ആര്‍.രഘു എന്നിവരാണ് അറസ്റ്റിലായത്

കാസര്‍കോട് : ശബരിമല ദര്‍ശനത്തിന് പോയ കാസര്‍കോട് സ്വദേശികളായ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് റാണിക്കോവില്‍ എസ്റ്റേറ്റ് സ്വദേശികളായ കണ്ണന്‍(31), ആര്‍.രഘു(27) എന്നിവരെയാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുലാമാസ പൂജക്കിടെയാണ് കാസര്‍കോട്ട് നിന്നുള്ള അയ്യപ്പഭക്തര്‍ ശബരിമലയിലെത്തിയത്.

ഈ സമയം ശബരിമലയില്‍ വന്‍ തിരക്കായിരുന്നു. കൂടുതല്‍ സമയം ക്യൂ നില്‍ക്കാതെ ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ 10,000 രൂപ വാങ്ങി. തുടര്‍ന്ന് അയ്യപ്പഭക്തരെ വാവര്‍ നടയ്ക്ക് സമീപമെത്തിച്ച ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായതോടെ കാസര്‍കോട് സ്വദേശികള്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയും കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാവുകയായിരുന്നു.

Related Articles
Next Story
Share it