ഓടുന്ന കാറിന് മുകളില്‍ മരം വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു; ഗര്‍ഭിണിക്ക് നിസാര പരിക്ക്
ഒരു ഇലക്ട്രിക്ക് പോസ്റ്റും തകര്‍ന്നു

കാഞ്ഞങ്ങാട്: മഡിയനില്‍ കൂറ്റന്‍ മരം റോഡിലേക്ക് പൊട്ടി വീണു. ഈ സമയത്ത് ഇതുവഴി കടന്നുപോയ കാറിന് മുകളിലേക്കാണ് മരത്തിന്റെ പ്രധാന കൊമ്പ് വീണത്. ഒരാള്‍ക്ക് നേരിയ പരുക്കേറ്റത് ഒഴിച്ചാല്‍ കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
മഡിയന്‍ ജംഗ്ഷനില്‍ നിന്നും കൂലോം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് മരം വീണത്. വേലാശ്വരം സ്വദേശിനി തുഷാര (25 )യ്ക്കാണ് പരിക്കേറ്റത്. ഗര്‍ഭിണിയായ തുഷാരയെ ഭര്‍ത്താവ് തളിപ്പറമ്പിലെ ആദര്‍ശിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് കുടുംബം അപകടത്തില്‍ പെട്ടത്. ബന്ധു ഷനില്‍ ആണ് കാറോടിച്ചിരുന്നത്. മറ്റു ബന്ധുക്കളായ ശ്യാമള, നാരായണി എന്നിവരും കാറിലുണ്ടായിരുന്നു.
തുഷാരയെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ ഗണേശന്‍ കിണറ്റുങ്കരയുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയും കെ.എസ്.ഇ.ബി ജീവനക്കാരും, പൊലീസും, വൈറ്റ് ഗാര്‍ഡും, നാട്ടുകാരും സ്ഥലത്തെത്തി. ഒരു ഇലക്ട്രിക്ക് പോസ്റ്റും തകര്‍ന്നിട്ടുണ്ട്. ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് മരം മുറിച്ചു മാറ്റിയത്.