ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി വരെ; വല നിറയെ പ്രതീക്ഷയുമായി തീരമേഖല

കാസര്‍കോട്: തീരമേഖലയുടെ വറുതിയുടെ ദിനങ്ങള്‍ക്ക് അവസാനമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അമ്പത്തിരണ്ട് ദിവസത്തെ ട്രോളിംഗ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രി അവസാനിക്കും. ട്രോളിംഗ് നിരോധനത്തിനിടെ മത്സ്യബന്ധനത്തിന് അനുമതി ഉണ്ടായിരുന്ന ചെറുവള്ളങ്ങള്‍ക്ക് പക്ഷെ ഇത്തവണ നിരാശയായിരുന്നു ഫലം. കനത്ത മഴയും കാലാവസ്ഥ പ്രതികൂലമായതും മീന്‍ ലഭ്യത നന്നേ കുറവായിരുന്നു. രണ്ടാഴ്ചക്കിടെയാണ് വിപണിയില്‍ മത്തിയും ചെമ്മീനും എത്തിത്തുടങ്ങിയത്. ട്രോളിംഗ് അവസാനിക്കുന്നതോടെ കൂടുതല്‍ മീനുകള്‍ വിപണിയിലെത്തും. തീരത്ത് ചാകരയുടെ സമയം കൂടിയായതിനാല്‍ പ്രതീക്ഷ കൈവിടുന്നില്ല മത്സ്യത്തൊഴിലാളികള്‍. ട്രോളിംഗ് അവസാനിച്ചാല്‍ ബോട്ടുകള്‍ക്ക് കടലിലേക്ക് ഇറങ്ങാമെന്നാണ് നിര്‍ദേശം. എന്നാല്‍ ആഗസ്റ്റ് 15ന് ശേഷമായിരിക്കും മത്സ്യബന്ധനം സജീവമാകുക.
കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമം അനുസരിച്ച് മാത്രമേ മീന്‍ പിടിക്കാവൂ എന്നും കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ഷിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ് അറിയിച്ചു. ബോട്ടുകളില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ആവശ്യമായ തിരിച്ചറിയില്‍ രേഖകള്‍ കരുതണം. അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് ഫിഷറീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍ 0467 2202537