ചെര്‍ക്കള-ചട്ടഞ്ചാല്‍ റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു; ടൗണ്‍ ടു ടൗണ്‍ ബസുകള്‍ ഇപ്പോഴും ദേളി റൂട്ടില്‍
വിദഗ്ധരായ എഞ്ചിനീയര്‍മാര്‍ റോഡ് സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു

കാസര്‍കോട്: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ ചെര്‍ക്കള-ചട്ടഞ്ചാല്‍ റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. സ്വകാര്യബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുമ്പോഴും ദേശീയപാതയിലൂടെ വരുന്ന കെ .എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ ഇപ്പോഴും ചട്ടഞ്ചാലില്‍ നിന്ന് ദേളി റൂട്ടിലൂടെയാണ് കാസര്‍കോട്ടേക്ക് വരുന്നതും തിരിച്ചുപോകുന്നതും.
വെള്ളിയാഴ്ച രാവിലെ വിദഗ്ധരായ എഞ്ചിനീയര്‍മാര്‍ റോഡ് സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. അതേസമയം ന്യൂ ബേവിഞ്ചയില്‍ പാര്‍ശ്വഭിത്തി ഇടിഞ്ഞ ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ബലപ്പെടുത്തലും നടന്നിട്ടില്ല. പാര്‍ശ്വഭിത്തി ബലപ്പെടുത്തലും റോഡ് നിര്‍മ്മാണവും പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം പുനരാരംഭിക്കണമെന്നാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
ജൂണ്‍ 24ന് ഇവിടെ സന്ദര്‍ശനം നടത്തിയ കലക്ടര്‍ നാല് ദിവസത്തിനകം പണി തീര്‍ക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. 24 മണിക്കൂര്‍ ജോലിയെടുത്ത് സമയത്ത് പൂര്‍ത്തിയാക്കാമെന്ന് കമ്പനി പ്രതിനിധികള്‍ ഉറപ്പ് നല്‍കിയെങ്കിലും നിശ്ചിത തീയതിയില്‍ റോഡ് നിര്‍മ്മാണം പോലും പൂര്‍ത്തീകരിക്കാനായില്ല. ജൂലായ് മൂന്നിനാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനായത്.
ഇതോടെയാണ് വെള്ളിയാഴ്ച മുതല്‍ വാഹനഗതാഗതം സാധാരണ നിലയിലായത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ദേളി-പരവനടുക്കം റൂട്ടില്‍ തന്നെ കറങ്ങുന്നതിനെതിരെ ഈ ബസുകളിലെ യാത്രക്കാര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.