അപകടഭീഷണിയുമായി കുഞ്ചത്തൂര്‍ സ്‌കൂള്‍ പരിസരത്ത് ട്രാന്‍സ്‌ഫോര്‍മര്‍
മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി

മഞ്ചേശ്വരം: സ്‌കൂളിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ട്രാന്‍സ് ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഭീഷണിയായി മാറുന്നതായി പരാതി. കുഞ്ചത്തൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ട്രാന്‍സ് ഫോര്‍മറാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. നാല് മാസം മുമ്പ് ദേശീയപാതയുടെ പ്രവര്‍ത്തി നടക്കുമ്പോഴാണ് ട്രാന്‍സ് ഫോര്‍മാര്‍ സ്‌കൂളിന് സമീപത്ത് സ്ഥാപിച്ചത്.
ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിക്കുമ്പോള്‍ തന്നെ നാട്ടുകാരും അധ്യാപകരും എതിര്‍ത്തിരുന്നെങ്കിലും അധികൃതര്‍ വകവെച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. രാവിലെ കുട്ടികള്‍ സ്‌കൂളിലേക്കെത്തുമ്പോഴും വൈകിട്ട് വിടുന്ന സമയത്തും കൂട്ടത്തോടെ ഓടിപ്പോകുന്നത് ഈ ട്രാന്‍സ് ഫോര്‍മറിന്റെ സമീപത്ത് കൂടിയാണ്. അതുകൊണ്ടുതന്നെ അധ്യാപകരും രക്ഷിതാക്കളും ഭയന്നിരിക്കുകയാണ്.
മഴക്കാലത്ത് ട്രാന്‍സ്ഫോര്‍മറില്‍ വൈദ്യുതി പ്രവാഹമുണ്ടാകാന്‍ സാധ്യയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രാന്‍സ് ഫോര്‍മാര്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം കൊല്ലത്ത് സ്‌കൂളിലെ ഷെഡ്ഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ആശങ്കയോടെയാണ് രക്ഷിതാക്കളും അധ്യാപകരും കഴിയുന്നത്. അപകടം വരാന്‍ കാത്തുനില്‍ക്കാതെ അതിന് മുമ്പ് പരിഹാരം കാണണം എന്നാണ് ഇവരുടെ ആവശ്യം.