ട്രെയിന്‍ കോച്ചുകള്‍ തോന്നിയപടി; പരക്കം പാഞ്ഞ് യാത്രക്കാര്‍; ജനറല്‍ കോച്ചും വെട്ടിക്കുറക്കുന്നു

ഫയൽ ചിത്രം
കാസര്‍കോട്: ട്രെയിന്‍ കോച്ചുകള്‍ മുന്നറിയിപ്പില്ലാതെ മാറ്റുന്നതും ജനറല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കുന്നതും യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. തിങ്കളാഴ്ച സര്‍വീസ് നടത്തിയ തിരുവനന്തപുരം - മംഗളൂരു മംഗലാപുരം മലബാര്‍ എക്സ്പ്രസ് , തിരുവനന്തപുരം - മംഗളൂരു എക്സപ്രസ്സ് (16347) എന്നീ ട്രെയിനുകളിലെ കോച്ചുകള്‍ പരസ്പരം മാറ്റിയത്. കോച്ച് സ്ഥാനം നോക്കി കയറാന്‍ നിന്ന് യാത്രക്കാര്‍ പിന്നെ എവിടെ കയറും എന്ന ആശങ്കയിലായി. ജനറല്‍ കോച്ചില്‍ യാത്രചെയ്യേണ്ടവര്‍ക്കും റെയില്‍വേ വക ഇരുട്ടടിയായിരുന്നു. കോച്ചുകള്‍ വെട്ടിക്കുറച്ചതിനാല്‍ ശ്വാസം വിടാന്‍ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയായിരുന്നു. യു.ജി.സി നെറ്റ് പരീക്ഷയ്ക്കായി മംഗളൂരുവിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂടി ആയതോടെ തിരക്ക് രൂക്ഷമായി. തിങ്കളാഴ്ച ആയതിനാല്‍ അവധിയില്‍ പോയി തിരിച്ചുവരുന്നവരും ഉണ്ടായിരുന്നു.
സ്ഥിരം യാത്രക്കാര്‍ ഉള്‍പ്പെടെയുളളവര്‍ കോച്ച് പൊസിഷന്‍ കണക്കാക്കിയാണ് ട്രെയിന്‍ എത്തുമ്പോഴേക്കും പ്ലാറ്റ്ഫോമില്‍ നിലയുറപ്പിക്കാറുള്ളത്.എന്നാല്‍ ട്രെയിന്‍ നീലേശ്വരം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിറകിലെ രണ്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളും ഇന്ന് ഇല്ലെന്ന് യാത്രക്കാര്‍ അറിഞ്ഞത്. പകരം ലേഡീസ് കോച്ച് മാത്രം. നെറ്റ് പരീക്ഷാ കേന്ദ്രം മംഗളൂരുവിലായതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികനികളും ഉദ്യോഗസ്ഥകളും എല്ലാം ഒരുവിധം ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിപ്പറ്റി. മറ്റുള്ളവര്‍ കോച്ചുകള്‍ തിരഞ്ഞ് വെപ്രാളത്തോടെ ഓടി . ചിലര്‍ തൊട്ടടുത്ത സ്റ്റേഷന് വരെ ലേഡീസ് കോച്ചില്‍ തന്നെ നിലയുറപ്പിച്ചു. ലേഡീസ് കോച്ച് കഴിഞ്ഞ് എ.സി. കോച്ചുകള്‍ ആയിരുന്നു. എ.സി കോച്ചിലൂടെ സ്ലീപ്പര്‍ കോച്ചുകളിലെത്താന് യാത്രക്കാര്‍ ശ്രമിച്ചെങ്കിലും ടി.ടി.ഇ. അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പിന്നെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി സ്ലീപ്പര്‍ കോച്ചുകള്‍ പരതി ഓടി നടക്കേണ്ടി വന്നു. റെയില്‍വേയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നത്. രാവിലെ 8.54 ന് കണ്ണൂര്‍ -മംഗളൂരു പാസഞ്ചര്‍ കടന്നുപോയാല്‍ പിന്നെ 9.11 ന് എത്തുന്ന ഈ ട്രെയിനാണ് കാസര്‍കോട് ഭാഗത്തേക്കുള്ള ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആശ്രയം.