കാസര്‍കോട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം; കുരുക്കൊഴിവാക്കല്‍ ലക്ഷ്യം; സമഗ്ര പരിഷ്‌കരണം പരിഗണനയിലെന്ന് നഗരസഭ ചെയര്‍മാന്‍

കാസര്‍കോട്: വാഹനത്തിരക്കിലമര്‍ന്ന് ഗതാഗതം ദുസ്സഹമാവുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പുതിയ ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തി. നേരത്തെ ദേശീയപാത സര്‍വീസ് റോഡിലൂടെ വരുന്ന ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ആളുകളെ ഇറക്കാറായിരുന്നു പതിവ്. ഇത് വലിയ ഗതാഗതക്കുരുക്കിന് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇനി മുതല്‍ ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറി ഇറങ്ങണമെന്ന് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത്. ഇനി മുതല്‍ ബസ്സുകള്‍ പിറക് വശത്തുകൂടി കയറി പ്രധാന കവാടത്തിലൂടെയാണ് പുറത്തിറങ്ങേണ്ടത്. വിദ്യാനഗര്‍ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ വലത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് കുറുകെ കടന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കണം. എന്നിട്ട് പ്രധാന കവാടത്തിലൂടെ പുറത്തേക്ക് കടക്കണം. ഇത് നിരീക്ഷിക്കാന്‍ പൊലീസുകാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത തുറന്ന്് നല്‍കിയിട്ടും നഗരത്തിലെ ഗതാഗതക്കുരുക്കഴിയാത്തത് സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു.

കാസര്‍കോട് നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍് അബ്ബാസ് ബീഗം ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. എം.ജി റോഡിലും റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും പരിഷ്‌കാരം നടപ്പിലാക്കും . നായക്‌സ് റോഡ് വണ്‍വേ ആക്കുന്നത് പരിഗണനയിലാണ്. ഇതിന്റെ തുടക്കമെന്നോണമാണ് ബസ്സുകള്‍ പുതിയ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഫുട്പാത്തുകളില്‍ നിന്ന് തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ചുകഴിഞ്ഞു. ജനറല്‍ ആസ്പത്രി പരിസരം മുതല്‍ പള്ളം ട്രാഫിക് സിഗ്നല്‍ വരെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഗതാഗതക്കുരുക്ക്‌

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it