എന്‍.എച്ച്‌ സര്‍വീസ് റോഡിലൂടെ ഇരുദിശകളിലേക്കുമുള്ള ഗതാഗതം; അപകട സാധ്യതയേറും

കാസര്‍കോട്: ദേശീയപാത 66ല്‍ സര്‍വീസ് റോഡിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങള്‍ക്ക് ഗതാഗതം നടത്താമെന്ന് ദേശീയപാത അതോറിറ്റി അറിയിക്കുന്നുണ്ടെങ്കിലും അപകടസാധ്യത കൂട്ടാന്‍ ഇതിടയാക്കുമെന്ന് ആശങ്ക . നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായ റീച്ചുകളിലെ സര്‍വീസ് റോഡില്‍ ഇരുദിശകളിലേക്കും വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്നാണ് അതോറിറ്റി അറിയിക്കുന്നത്. സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ദേശീയ പാത അതോറിറ്റി ഏറ്റെടുത്ത ആദ്യ റീച്ച് ജില്ലയിലെ തലപ്പാടി-ചെങ്കള റീച്ചാണ്. ഈ റീച്ചില്‍ സര്‍വീസ് റോഡില്‍ മിക്കയിടങ്ങളിലും വാഹനങ്ങള്‍ ഇരുദിശകളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മുന്നിലുള്ള വാഹനത്തെ മറികടക്കുന്ന പ്രവണതയും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അപകട ഭീഷണി സൃഷ്ടിക്കുകയാണ്. സര്‍വീസ് റോഡില്‍ എതിര്‍ദിശയിലേക്ക് ഗതാഗതം നടത്തേണ്ടത് ഇടത് വശം ചേര്‍ന്നാണ്. എന്നാല്‍ മറുവശത്ത് നിന്ന് അമിത വേഗതയില്‍ വരുന്ന വാഹന ഡൈവര്‍മാരുടെ ശ്രദ്ധയില്‍ ഇത് പതിഞ്ഞില്ലെന്ന് വരാം. സര്‍വീസ് റോഡില്‍ പലയിടങ്ങളിലും ആവശ്യത്തിന് വീതി ഇല്ല എന്ന പരാതിയും ഉയരുന്നുണ്ട്.

സര്‍വീസ് റോഡില്‍ ഇരുദിശകളിലേക്കും ഗതാഗതം അനുവദിച്ചതിലൂടെ ഏറെ ആശ്വാസമായത് ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ഇരുചക്ര യാത്രികര്‍ക്കുമാണ്. അടിപ്പാതകള്‍ തമ്മിലുള്ള ദൂരം ഏറെയായതിനാല്‍ ചുറ്റി വരുന്നത് വലിയ കടമ്പയാണ്. ഇരുദിശകളിലേക്കും ഗതാഗതം അനുവദിച്ചതിലൂടെ സമയവും ഇന്ധനവും ലാഭിക്കാം. സര്‍വീസ് റോഡിലൂടെ ഗതാഗതം നടത്തുന്ന വാഹന ഡ്രൈവര്‍മാരില്‍ പലരും ഇരുദിശകളിലേക്കുമുള്ള സര്‍വീസിനെ കുറിച്ച് അജ്ഞരാണ്. ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നാണ് ആവശ്യം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it