നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കും: നിര്‍ദേശങ്ങളുമായി ആര്‍.ടി.ഒ

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സമഗ്രമായ പദ്ധതി തയ്യാറാക്കും. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. ഗതാഗതക്കുരുക്ക് അഴിക്കാന്‍ ആര്‍.ടി.ഒ 13 ഇന നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. നഗരത്തിലെ ഗതാഗത പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് പൊലീസ്, പൊതുമരാമത്ത്, കെ.എസ്.ആര്‍.ടി.സി ,ആര്‍.ടി.ഓ ,തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ യോഗത്തില്‍ അറിയിച്ചു.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ നഗരസഭയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഫുട്പാത്തിലെ കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചു. ചന്ദ്രഗിരി ജംഗ്ഷനില്‍ ആധുനിക ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിന് നടുവിലുണ്ടായിരുന്ന സിഗ്നല്‍ തൂണ്‍ എടുത്ത് മാറ്റി. ഇത് ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഗതാഗതം സുഗമമാക്കും. നഗരത്തില്‍ ജനറല്‍ ആശുപത്രി മുതല്‍ പള്ളം സിഗ്നല്‍ ജംഗ്ഷന്‍ വരെ അനധികൃത പാര്‍ക്കിംഗ് നിരോധിക്കുമെന്നും പാര്‍ക്കിംഗിന് കൃത്യമായ സ്ഥലം രേഖപ്പെടുത്തുമെന്നും നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനം നടപ്പാക്കി വരികയാണ്. തെക്കില്‍ , ബേവിഞ്ച മേഖലകളില്‍ മണ്ണിടിച്ചിലുണ്ടാവുന്നതിനാല്‍ മിക്ക വാഹനങ്ങളും ചന്ദ്രഗിരി വഴി വന്ന് ദേശീയ പാത സര്‍വീസ് റോഡിലേക്ക് കയറുന്നതാണ് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത 66 ചെങ്കള-തലപ്പാടി റോഡും സര്‍വീസ് റോഡും തുറന്നിട്ടും കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് തുടരുകയാണ്. പഴയ സര്‍ക്കിള്‍ സ്ഥിതി ചെയ്തിരുന്ന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വൈകുന്നേരങ്ങളില്‍ മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്ം. വാരാന്ത്യങ്ങളിലും വിശേഷ ദിവസങ്ങളിലും വാഹനങ്ങളുടെ നിര നീളും. നുള്ളിപ്പാടി മുതല്‍ പ്രസ് ക്ലബ് ജംഗ്ഷന്‍ വരെയാണ് വൈകുന്നേരങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നത് വിദ്യാനഗര്‍ ഭാഗത്ത് നിന്നും പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോവേണ്ട വാഹനങ്ങള്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചന്ദ്രഗിരി റൂട്ട് വഴി പോകേണ്ട വാഹനങ്ങള്‍, കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കും മംഗലാപുരം ഭാഗത്തേക്കും വിദ്യാനഗര്‍ ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ്ദേശീ സ്റ്റാന്‍ഡില്‍ പഴയ സര്‍ക്കിള്‍ ജംഗ്ഷനിലെത്തുന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.റെയില്‍വേ സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കും പോകുന്നവര്‍ക്കാണ് ഏറെ തിരിച്ചടിയാവുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it