ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി: കടമ്പാറില്‍ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ചു

മഞ്ചേശ്വരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയും സാമ്പത്തിക ബാധ്യതയും മൂലം ഹൊസങ്കടി കടമ്പാറില്‍ ഭര്‍ത്താവും ഭാര്യയും വിഷം കഴിച്ച് മരിച്ചു.കടമ്പാര്‍ മരമില്ലിന് സമീപത്തെ അജിത്ത് (30) ഭാര്യയും അധ്യാപകയുമായ ശ്വേത (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇരുവരുടെയും ഒന്ന വയസ്സുള്ള ആണ്‍കുട്ടിയെ അയല്‍ വാസിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു കളനാശിനി കഴിച്ചത്. രണ്ട് പേരുടെയും ഞരക്കം കേട്ട അയല്‍ വാസികള്‍ അകത്ത് കയറി നോക്കിയപ്പോഴാണ് അത്യാസന്ന നിലയില്‍ കാണപ്പെട്ടത്. ഉടന്‍ മഞ്ചേശ്വരം പോലീസിനെ വിവരം അറിക്കുകയും പോലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ മംഗളൂരൂവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മരണം. വോർക്കാടി ബേക്കറി ജംഗ്ഷനിലെ സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ കന്നഡ മീഡിയം വിഭാഗത്തിലെ അധ്യാപികയാണ് ശ്വേത. അജിത്തിന് കല്യാണ സ്റ്റേജുകള്‍ അലങ്കരിക്കുന്ന ജോലിയായിരുന്നു. അജിത്ത് ചില സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് പലിശക്ക് പണം കടം വാങ്ങിയിട്ടുണ്ടെന്നും ബ്ലേഡ് മാഫിയകള്‍ അജിത്തിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും ചില സംഘം കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയതായും നാട്ടുകാര്‍ പറയുന്നു. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.