ഭര്‍ത്താക്കന്മാര്‍ വിജയിച്ച വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഇത്തവണ ഭാര്യമാര്‍ രംഗത്ത്; ബദരിയ നഗറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
20ാം വാര്‍ഡായ ബദ്രിയ നഗറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്

കുമ്പള: ഭര്‍ത്താക്കന്മാര്‍ കഴിഞ്ഞ തവണ കരസ്ഥമാക്കിയ വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഭാര്യമാര്‍ മത്സരരംഗത്ത്. 20-ാം വാര്‍ഡായ ബദ്രിയ നഗറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഏഴ് സ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡായ ആരിക്കാടി കുമ്പോലില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച അന്‍വര്‍ ആരിക്കാടിയാണ് ഇത്തവണ ബദ്രിയ നഗറില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ളത്. അന്‍വറിന്റെ ഭാര്യ റുഖിയ അന്‍വര്‍ കുമ്പോല്‍ ഒന്നാം വാര്‍ഡില്‍ എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥിരം വാര്‍ഡായ മൊഗ്രാല്‍ 18-ാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിടിച്ചെടുത്ത അബ്ദുല്‍ റിയാസാണ് ബദ്രിയ നഗറില്‍ ഈ പ്രാവശ്യം എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സിക്കുന്നത്. റിയാസിന്റെ ഭാര്യ ആയിഷ റിയാസ് കഴിഞ്ഞ തവണ ഭര്‍ത്താവ് മത്സച്ച് വിജയിച്ച (ഇപ്പോള്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഡ്) 16-ാം വാര്‍ഡ് കൊപ്പളത്താണ് മത്സരിക്കുന്നത്.
ബദരിയ നഗറില്‍ യുഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തേക്കെത്തുന്നത് വി.പി. അബ്ദുല്‍ ഖാദറാണ്. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി വരുണ്‍ കുമാറാണ് മത്സരിക്കുന്നത്. ജനകീയ സ്വന്തന്ത്ര സ്ഥാനാര്‍ത്ഥിയായി ഹനീഫ് പെര്‍വാഡ് രംഗത്തെത്തുന്നതോടെ ബദ്രിയ നഗറില്‍ മത്സരം കനക്കും. ഭര്‍ത്താവ് അന്‍വര്‍ ഒന്നാം വാര്‍ഡില്‍ നടപ്പിലാക്കിയ വികസനം ചൂണ്ടിക്കാണിച്ചാണ് ഭാര്യ റുഖിയ വോട്ട് തേടി നാട്ടുകാരുടെ ഇടയിലേക്കിറങ്ങുന്നത്. ഭര്‍ത്താവിന്റെ വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റുഖിയ.
അതുപോലെ ഭര്‍ത്താവ് റിയാസ് മൊഗ്രാല്‍ വാര്‍ഡില്‍ നടത്തിയ വികസനം ഉയര്‍ത്തിക്കാട്ടിയാണ് ഭാര്യ ആയിഷ വോട്ടഭ്യര്‍ത്ഥിച്ച് നാട്ടുകാരുടെ മുന്നിലെത്തുന്നത്. മുസ്ലിംലീഗിന്റെ അഞ്ച് വര്‍ഷത്തെ വികസനം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുല്‍ ഖാദര്‍ നാട്ടുകാരുടെ ഇടയിലെത്തുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വരുണ്‍ കുമാര്‍ പഞ്ചായത്തിലെ അഴിമതി തുറന്ന് കാട്ടിയാണ് വോട്ടര്‍മാരുടെ ഇടയില്‍ ചെല്ലുന്നത്. കഴിഞ്ഞ പ്രാവശ്യം എല്‍.ഡി.എഫ് നില നിര്‍ത്തിയ വാര്‍ഡ് പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റിയാസ്.

