കള്ളന്‍മാര്‍ക്ക് പ്രിയം ചിരട്ടയും തേങ്ങയും; മോഷണം പതിവാകുന്നു

കാസര്‍കോട്: തേങ്ങയുടെ വില റെക്കോര്‍ഡിലെത്തിയതോടെ കള്ളന്‍മാര്‍ തങ്ങളുടെ ശ്രദ്ധ ഇപ്പോള്‍ തേങ്ങയിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്. തേങ്ങ മാത്രമല്ല. ചിരട്ടയും കള്ളന്‍മാരുടെ ഇഷ്ട മോഷണ ഇനമായി മാറിക്കഴിഞ്ഞു. ജില്ലയില്‍ അങ്ങിങ്ങായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി തേങ്ങ മോഷണം, ചിരട്ട മോഷണം പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
തേങ്ങയ്ക്ക് വില റെക്കോര്‍ഡിലെത്തിയതോടെയാണ് ഡിമാന്‍ഡ് കൂടിയത്. കിലോ 80 രൂപ വരെയാണ് ഒരു കിലോ തേങ്ങയുടെ വില. തേങ്ങയുടെ വില കൂടിയതിനൊപ്പം ചിരട്ടയ്ക്കും വില കൂടി. ചിരട്ട ഒരു കിലോയ്ക്ക് 20 രൂപയാണ് വില. വില കുതിച്ചതോടെ ചിരട്ട സൂക്ഷിച്ച ചാക്കുകെട്ടുകളും കള്ളന്‍മാര്‍ മോഷ്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തേങ്ങ വില കൂടിയതോടെ മൊത്തമായും ചില്ലറായായും തേങ്ങ മോഷ്ടിക്കുന്നവരുടെ എണ്ണവും കൂടി.
പടന്നക്കാട് ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന 200 തേങ്ങകള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. തേങ്ങകള്‍ പൊതിച്ചെടുത്ത് പ്രതികള്‍ വില്‍പ്പന നടത്തുകയായിരുന്നു. കടയില്‍ നിന്ന് ചോദിച്ചപ്പോള്‍ പുഴയിലൂടെ ഒഴുകി വന്നതാണെന്നായിരുന്നു പ്രതികളുടെ മറുപടി. തേങ്ങ മോഷണം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസെടുത്ത പൊലീസ് തേങ്ങ കച്ചവടം നടത്തുന്ന കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.
കൊടിയമ്മ ചൂരിത്തടക്കയിലെ അബ്ദുല്ലയുടെ മലഞ്ചരക്ക് കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന 50 കിലോവരുന്ന ആറ് ചാക്ക് ചിരട്ട മോഷണം പോയതായി അറിഞ്ഞത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ്.
ആരിക്കാടിയില്‍ പറമ്പിലെ തേങ്ങ പറിച്ചെടുത്തു കടത്തിക്കൊണ്ടു പോയതിന് കുമ്പള പൊലീസ് ഒരാളെ റിമാന്‍ഡ് ചെയ്തിരുന്നു.