ദേശീയപാതയില്‍ 'ചെര്‍ക്കള' ബോര്‍ഡില്ല; പരാതി നല്‍കി ചെങ്കള പഞ്ചായത്ത്

ചെര്‍ക്കള: ദേശീയ പാത 66 ൻ്റെ നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച പ്രധാന സ്ഥലപ്പേരുള്ള ബോർഡുകളിൽ ചെര്‍ക്കള ഒഴിവാക്കിയതിൽ പരാതി നല്‍കി ചെങ്കള പഞ്ചായത്ത്. ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ചെര്‍ക്കളയില്‍ ചെര്‍ക്കള ഉള്‍പ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കളക്ടര്‍ക്കും ദേശീയപാതാ അതോറിറ്റിക്കും നിര്‍മാണ കമ്പനിക്കുമാണ് പഞ്ചായത്ത് പരാതി നല്‍കിയത്. ചെര്‍ക്കള-ജാല്‍സൂര്‍-മൈസൂരു, ചെര്‍ക്കള-കല്ലടുക്ക-ബെഗളൂരു എന്നീ റൂട്ടുകളിലേക്കുള്ള പ്രധാന ജംഗ്ഷനാണ് ചെര്‍ക്കള. നിത്യേന നിരവധി യാത്രക്കാരെത്തുന്ന ചെര്‍ക്കളയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. രണ്ട് സംസ്ഥാന പാതകളും ദേശീയപാതയും സംഗമിക്കുന്ന പ്രധാന ജംഗ്ഷനും ടൗണുമായ ചെര്‍ക്കളയെ കാസര്‍കോട് ടൗണില്‍ നിന്ന് വരുന്ന ദേശീയപാതയില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് ഭരണ സമിതി പരാതിയില്‍ ആവശ്യപ്പെട്ടു.
ചെര്‍ക്കള ബോര്‍ഡ് സ്ഥാപിക്കുന്നതിനൊപ്പം സ്ഥലപ്പേര് വെക്കുന്നത് സംബന്ധിച്ച് മറ്റ് ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ ഫോര്‍ത്ത് മൈല്‍ എന്ന് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡും ബസ് സ്റ്റാന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഫോര്‍ത്ത്‌മൈല്‍ ചെങ്കള ജങ്ഷന്‍ എന്നാക്കണം. ചെങ്കള എന്ന് എഴുതി ഇന്ദിരാ നഗറില്‍ നേരെ കാണിച്ചിട്ടുള്ള ദിശാ ബോര്‍ഡ് ചെര്‍ക്കള എന്ന് മാറ്റണം. ചേരൂര്‍ എന്ന പേരില്‍ പാണലത്ത് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് നാലാംമൈല്‍ ചെങ്കള ജങ്ഷന്‍ താണ്ടര്‍ പാസിന് സമീപം സ്ഥാപിക്കണം. നാലാംമൈല്‍ ചെങ്കള ജങ്ഷനില്‍ കാസറഗോഡ് നിന്ന് വരുമ്പോള്‍ ചെങ്കള എന്ന് പറഞ്ഞ് സ്ഥാപിച്ചിട്ടുള്ള ദിശാ ബോര്‍ഡ് ആരോ മാര്‍ക്ക് വലതുവശത്തേക്ക് കാണിക്കണം. ചെര്‍ക്കള ടൌണില്‍ നിന്നും സ്റ്റേറ്റ് ഹൈവേ വഴി പോകുന്ന മൈസൂര്‍, ബാംഗ്ലൂര്‍, മടിക്കേരി, പുത്തൂര്‍, സുള്ള്യ തുടങ്ങിയ സ്ഥലങ്ങള്‍ നാഷണല്‍ ഹൈവേയില്‍ സ്ഥാപിക്കുന്ന സൈന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം. നിലവില്‍ കാസറഗോഡ് ടൌണില്‍ നിന്നും ബാംഗ്ലൂര്‍ പോകുന്നത് ഇത് വഴിയാണെന്നും പരാതിയില്‍ ഉന്നയിച്ചു.
ചെർക്കള പ്രധാന ജംഗ്ഷൻ ആയിരിക്കെ ഇത് എങ്ങനെ ഒഴിവാക്കി എന്നും അടിയന്തിരമായി ബോർഡ് സ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ചെങ്കള പഞ്ചായത്ത് പ്രസിഡൻ്റ് ഖാദർ ബദരിയ ഉത്തരദേശം ഓൺലൈനിനോട് പറഞ്ഞു.