ദുരിത യാത്രക്ക് അറുതിയില്ല; മലബാറിലേക്കുള്ള ട്രെയിന്‍ യാത്രാ പ്രശ്‌നത്തിന് പരിഹാരമായില്ല

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനുകള്‍ കോടികള്‍ മുടക്കി നവീകരിക്കുമ്പോഴും ഉത്തരമലബാറിന്റെ ട്രെയിന്‍ യാത്രാ ദുരിതത്തിന് ഇതുവരെ പരിഹാരമായില്ല. കണ്ണൂരില്‍ നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ രാവിലെയും വൈകീട്ടും തിങ്ങി ഞെരുങ്ങിയാണ് യാത്ര. ജില്ലയിലൂടെ മംഗളൂരുവിലേക്ക് പോകുന്ന കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനിനെയാണ് ഏറെ പേരും നിത്യേന ആശ്രയിക്കുന്നത്. രാവിലെ 7.45 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും കയറുന്നതോടെ കാലുകുത്താനിടമില്ലാതാവും. കാസര്‍കോട് 9.33 ന്് എത്തുന്ന ട്രെയിന്‍ 10.55ന് മംഗളൂരുവിലെത്തും. പാസഞ്ചര്‍ ട്രെയിനിന്റെ കോച്ച് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. 14 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന് ഇപ്പോള്‍ 11 കോച്ചുകളാണ് പരമാവധി ഉണ്ടാകാറുള്ളത്. പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് മെമു സര്‍വീസ് മംഗലാപുരം വരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടിരുന്നു. എം രാജഗോപാലന്‍ എംഎല്‍എയാണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ നടപടികളൊന്നുമെടുത്തില്ല
ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള മെമു രാവിലെ 9ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചാല്‍ പിന്നെ വൈകീട്ട് 5.30നാണ് സര്‍വീസ് തുടങ്ങുന്നത്. മണിക്കൂറുകളോളം കണ്ണൂരില്‍ നിര്‍ത്തിയിടുന്ന മെമു മംഗളൂരുവിലേക്ക് നീട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും റെയില്‍വേ അധികൃതര്‍ കണ്ട മട്ടില്ല. മെമു സര്‍വ്വീസില്ലാത്ത കേരളത്തിലെ ഏക റൂട്ടും കണ്ണൂര്‍-മംഗലാപുരം ആണ്.മംഗലാപുരത്തേക്ക് മെമു നീട്ടുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും റെയില്‍വേക്ക് അനക്കമില്ല. മംഗളൂരുവിലേക്ക് കേവലം മൂന്ന് മണിക്കൂര്‍ മതിയാവും . റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലമില്ലാതായിരിക്കുകയാണ്.
കണ്ണൂര്‍ മംഗളൂരു പാസഞ്ചര്‍ ട്രെയിന് മുമ്പ് രാവിലെ 6:40ന് ക്ണ്ണൂരിലെത്തുന്ന മലബാര്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്രയം. സ്ലീപ്പര്‍ കോച്ചുകളിലടക്കം നിന്ന് തിരിയാനാവാത്ത അവസ്ഥയാണ്. വൈകീട്ടും സ്ഥിതി വ്യത്യസ്തമല്ല. 6 മണിക്കുള്ള പാസഞ്ചര്‍ ട്രെയിനിന് മുമ്പ് കാസര്‍കോട് സ്‌റ്റോപ്പുള്ള മംഗലാപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലും ജനറല്‍ കോച്ചില്‍ കയറിപ്പറ്റാനുള്ള ആളുകളുടെ മത്സരമാണ്. ജനറല്‍ കോച്ച് വര്‍ധിപ്പിക്കണമെന്ന് ആവശ്യം റെയില്‍വെ കണ്ടില്ലെന്ന മട്ടാണ്.