കെ.എസ്.ടി.പി റോഡിന്റെ വശത്തുള്ള കുന്ന് ഇടിയാറായ നിലയില്‍; വന്‍ അപകടസാധ്യത
കുന്നിന് മുകളില്‍ സഹകരണ ബാങ്കും ഓഫീസ് കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്

കാസര്‍കോട്: ദിവസവും വലതും ചെറുതുമായ വാഹനങ്ങള്‍ കടന്നുപോകുന്ന കെ.എസ്.ടി.പി റോഡിന് സമീപത്ത് കുന്ന് ഇടിയാറായ നിലയില്‍. പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും ഏതാനും വാരം അകലെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ഇടത് ഭാഗത്തെ കുന്നാണ് ഏത് നിമിഷവും റോഡിലേക്ക് വീഴാറായ നിലയിലുള്ളത്. കുന്നിന് മുകളില്‍ സഹകരണ ബാങ്കും ഓഫീസ് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കെട്ടിടങ്ങളും വലിയ അപകട നിലയിലാണ്.
സമീപത്തെ ഫുട് പാത്തില്‍ തെരുവ് കച്ചവടവും നടക്കുന്നുണ്ട്. മംഗളൂര്‍ വഴി കണ്ണൂര്‍ ഭാഗത്തേക്ക് നിരവധി ചരക്ക് വാഹനങ്ങളും പാചക വാതക ലോറികളും മല്‍സ്യ വാഹനങ്ങളും പോകുന്ന പ്രധാന റോഡാണ് ഇത്. ചട്ടഞ്ചാലില്‍ കുന്നിടിച്ചലിനെ തുടര്‍ന്ന് ഈ റോഡിലെ വാഹന ഗതാഗതം വര്‍ധിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് വലത് ഭാഗത്തെ കുന്നിടിഞ്ഞ് വലിയ അപകടം നടന്നിരുന്നു.
ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കിയിരുന്നു. കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചാല്‍ വലിയ അപകടമുണ്ടാകും. അപകടം നടക്കുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ കുന്നിടിയാനുള്ള സാധ്യത മുന്നില്‍ കണ്ട് നടപടി സ്വീകരിച്ച് വാഹന യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടിക്ക് മുന്‍കൈ എടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേസമയം ഈ റോഡില്‍ കുഴിയില്‍ ചാടാതെയും വീഴാതെയും യാത്ര ചെയ്യാനാകില്ല. ഒരടിയിലധികം താഴ്ചയുള്ള നിരവധി കുഴികളുണ്ട്. നെടുനീളത്തില്‍ ടാറിങ്ങിന്റെ പുറംപാളി പൊളിഞ്ഞ് ചെളിവെള്ളം നിറഞ്ഞവ വേറെയും. റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാനാകാതെ ഇരുചക്രവാഹനം മുതല്‍ വലിയ വാഹനങ്ങള്‍ വരെ അപകടത്തില്‍പ്പെടുകയാണ്. എന്നിട്ടും അധികൃതര്‍ക്ക് കുലുക്കമില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് യുവാക്കളുടെ ജീവനാണ് സംസ്ഥാന പാതയില്‍ പൊലിഞ്ഞത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതും നിരവധി പേരാണ്. വേനല്‍ക്കാലത്ത് കാഞ്ഞങ്ങാട് സ്വദേശി അഡ്വ. രാധാകൃഷ്ണന്‍ നടത്തിയ സര്‍വെയില്‍ സംസ്ഥാനപാതയില്‍ 339 കുഴികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഴ ശക്തിപ്പെട്ടതോടെ കുഴികളുടെ എണ്ണം ആയിരം കടന്നിരിക്കുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
അലാമിപ്പള്ളി ബസ് സ്റ്റാന്റിനോട് ചേര്‍ന്നുതന്നെ റോഡില്‍ വലിയ കുഴിയുണ്ട്. തൊട്ട് ഇപ്പുറമുള്ള പെട്രോള്‍ പമ്പിന് മുന്നിലും കുഴിയാണ്. രണ്ടിടത്തും ബാരിയര്‍ വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് ഇടിഞ്ഞ് അപകടാവസ്ഥയിലായ ചിത്താരിയിലെ പഴയപാലം അടച്ചിട്ടുണ്ട്. കാസര്‍കോട്ട് നിന്ന് വരുമ്പോള്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലം തുടങ്ങുന്നിടത്ത് ഒന്നരയടി താഴ്ചയുള്ള കുഴികളും ചിതറിത്തെറിച്ച കരിങ്കല്‍ ചീളുകളുമാണ്. കടല്‍ക്ഷോഭത്തെ തുടര്‍ന്നും മഴയെ തുടര്‍ന്നും തൃക്കണ്ണാടിനും ബേക്കലത്തിനും ഇടയില്‍ സംസ്ഥാനപാത പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലാണ്.