ഒടുവില്‍ അധികൃതര്‍ കനിഞ്ഞു; അണങ്കൂര്‍ ദേശീയപാതയിലെ 'എന്‍ട്രി' പോയിന്റ് ഇനി എക്‌സിറ്റ് ; യാത്രക്കാര്‍ക്ക് ആശ്വാസം

തീരുമാനം വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍

കാസര്‍കോട്: കാസർകോട് പുതിയ ബസ് സ്റ്റാന്റ് മേല്‍പാലം കഴിഞ്ഞ് അണങ്കൂര്‍ ദേശീയപാതയില്‍ എക്‌സിറ്റ് പോയിന്റ് അനുവദിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാവും. ഇവിടെ നേരത്തെ എന്‍ട്രി പോയിന്റായാണ് നിശ്ചയിച്ചിരുന്നത്. ഇത് യാത്രക്കാര്‍ക്ക് നഗരത്തിലും സമീപ പ്രദേശങ്ങളിലും എത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ കലക്ടര്‍ക്കും ദേശീയപാത അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ദേശീയ പാത അതോറിറ്റിയുടെ ഇടപെടലുണ്ടായത്.

കുമ്പള ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കാസര്‍കോട് ഫ് ളൈ ഓവര്‍ കഴിഞ്ഞാല്‍ സന്തോഷ് നഗറിലായിരുന്നു എക്‌സിറ്റ് പോയിന്റുണ്ടായിരുന്നത്. അണങ്കൂറിലും വിദ്യാനഗര്‍ ബി.സി റോഡിലും അനുവദിച്ചിരുന്നത് ദേശീയപാതയിലേക്ക് കടക്കാനുള്ള എന്‍ട്രി പോയിന്റായിരുന്നു.

ഇക്കാരണം കൊണ്ട് കാസര്‍കോട്, നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍, സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പോകണമെങ്കില്‍ അടുക്കത്ത് ബയല്‍ ദേശീയപാതയില്‍ നിന്ന് പുറത്തിറങ്ങി സര്‍വീസ് റോഡിലേക്ക് കടക്കണമായിരുന്നു. അല്ലെങ്കില്‍ സന്തോഷ് നഗറില്‍ പോയി തിരിച്ചു വരണം. എം.എല്‍.എ അടക്കമുള്ളവരുടെ പരാതിയിലും ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്നും പ്രശ്‌നം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റിനെ നിയോഗിച്ചിരുന്നു. ബന്ധപ്പെട്ടവര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

അണങ്കൂര്‍ ദേശീയപാതയില്‍ നല്‍കിയ എക്‌സിറ്റ്, എന്‍ട്രി പോയിന്റ് അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടിയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, കേരള ചെറുകിട വ്യവസായ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളും ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്‍ട്രി പോയിന്റ് മാറ്റി എക്‌സിറ്റ് പോയിന്റ് അനുവദിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസം പകരുകയാണ്.

Related Articles
Next Story
Share it