മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളൊരുങ്ങി; ഇന്ന് ദുര്‍ഗാഷ്ടമി

കാസര്‍കോട്: നവരാത്രി ഉത്സവത്തിന്റെ വിശേഷാല്‍ നാളുകളായ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഷ്ടമിനാളില്‍ വൈകിട്ട് ചില ഇടങ്ങളില്‍ ദുര്‍ഗാഷ്ടമി പൂജവെയ്പ്പ് ഇന്നലെ ആരംഭിച്ചു. ഇന്ന് പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജക്ക് വെക്കും. മഹാനവമി നാളായ നാളെ രാവിലെ മുതല്‍ വാഹനപൂജ നടക്കും. നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസമായ വിജയദശമി ദിവസം നൂറു കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളില്‍ എത്തും. പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര ഭണ്ഡാര വീട്ടില്‍ ഇന്ന് വൈകിട്ട് 4ന് പാലക്കുന്ന് അംബിക കലാ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം നടക്കും. 7 മുതല്‍ പൂക്കുന്നത്ത് ഗുരുദേവാ ഭജന്‍സിന്റെ ഭജന. നാളെ രാവിലെ 7 മുതല്‍ വാഹന പൂജയും വൈകിട്ട് 7ന് പരപ്പ തളിയില്‍ ഭജനാമൃതം ഭജന സമിതി ഭജനയും ഉണ്ടാകും. 2ന് രാവിലെ 6 മുതലാണ് വിദ്യാരംഭം. എഴുത്തിനിരുത്തലിന് ശേഷം അംബിക കലാ കേന്ദ്രം സംഗീത പഠനത്തിന് തുടക്കം കുറിക്കും.

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇന്ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭജന സമിതിയും നാളെ അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയും ഭജനാലാപനം നടത്തും. നാളെ രാവിലെ 6 മുതല്‍ വാഹനപൂജ തുടങ്ങും. 2ന് 8 മുതല്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.

തിരുവക്കോളി തിരൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് ലളിതാ സഹസ്രനാമ പാരായണത്തിന് ശേഷം വൈകിട്ട് ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജനയും തുടര്‍ന്ന് ദുര്‍ഗാപൂജയും. നാളെ രാവിലെ 6 മുതല്‍ വാഹന പൂജ. ഉച്ചയ്ക്ക് മഹാപൂജ.

മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ ഇന്ന് ലളിതാ സഹസ്രനാമ പാരായണം. 6.10ന് അണിഞ്ഞ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് എ.കെ. നാരായണന്‍ നമ്പൂതിരിയുടെ പ്രഭാഷണം. നാളെ രാവിലെ 6ന് വാഹന പൂജാരംഭം. 9ന് ലളിതാ സഹസ്ര നാമ പാരായണം. 6ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് പ്രഭാഷണം. വിജയദശമിനാളില്‍ 8.30ന് വിദ്യാരംഭം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it