അധ്യാപകന് മര്‍ദ്ദനമേറ്റ സംഭവം: ട്രെയിനില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി

കാസര്‍കോട്: കഴിഞ്ഞ ദിവസം ട്രെയിനില്‍ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെ മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മംഗളൂരുവില്‍ നിന്ന് വൈകീട്ട് 5:57 ന് പുറപ്പെടുന്ന ട്രെയിനിലാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇതാദ്യമായല്ല ഇതേ ട്രെയിനില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പ്രശ്‌നമുണ്ടാകുന്നത്. മംഗളൂരുവിലെ ചില ,സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപം. യാത്രക്കാരുമായി നേരത്തെയും വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ചൊവ്വാഴ്ച മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ കാഞ്ഞങ്ങാട്ടെ സജന് മര്‍്ദ്ദനമേറ്റത്.

ഇതിനെ തുടര്‍ന്നാണ് നിരീക്ഷണം ശ്ക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ കോച്ചിലും ഒരു പൊലീസ് എന്ന രീതിയിലാണ് നിലവില്‍ സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. സജന്റെ പരാതിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ പഠനത്തിനായി നിത്യേന പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ചില കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it