ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ് നാട് സ്വദേശി പിടിയില്‍

നെയ് വേലി സ്വദേശി വെങ്കിടേഷിനെയാണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ് നാട് സ്വദേശിയെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് നെയ് വേലി സ്വദേശി വെങ്കിടേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മംഗളൂരു കോളേജില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൊച്ചുവേളി -പോര്‍ബന്തര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് ലൈംഗികാതിക്രമത്തിനിരയായത്.

വിദ്യാര്‍ത്ഥിനി ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ ഇരിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വെങ്കിടേഷ് കണ്ണൂര്‍ മുതല്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ അടുത്തിരുന്ന വെങ്കിടേഷ് പെണ്‍കുട്ടി യെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. ബഹളം വെച്ചതോടെ ഇയാള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയും ചെയ്തു.

വിദ്യാര്‍ത്ഥിനി ഉടന്‍ തന്നെ ഇ മെയിലില്‍ കാസര്‍കോട് റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍പെട്ട ട്രെയിനിലെ മറ്റ് യാത്രക്കാര്‍ യുവാവിനെ തടഞ്ഞുവെക്കുകയും ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തു. എസ്.എച്ച്.ഒ റെജി കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സി.എസ് സനില്‍ കുമാര്‍, എ.എസ്.ഐ മഹേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനൂപ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ഹൊസ് ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it