10 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കര്‍ണാടക ബാഗെപള്ളി ജൂവല്‍ പാളിയ സ്വദേശി സഹീര്‍ അഹമ്മദാണ് അറസ്റ്റിലായത്‌

കാഞ്ഞങ്ങാട്: മാതാപിതാക്കളോടൊപ്പം പൂക്കള്‍ വില്‍ക്കാനായി കാഞ്ഞങ്ങാട്ടെത്തിയ 10 വയസുകാരനെ കൊലപ്പെടുത്തി പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. കര്‍ണാടക ബാഗെപള്ളി ജൂവല്‍ പാളിയ സ്വദേശി സഹീര്‍ അഹമ്മദിനെ(48) യാണ് ഹൊസ് ദുര്‍ഗ് എസ്.ഐ എ.ആര്‍ ശാര്‍ങധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

2008 ഏപ്രില്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നും പൂക്കള്‍ വില്‍ക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ കുടുംബത്തിലെ സുനില്‍ എന്ന കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സഹീര്‍ അഹമ്മദ്. കുട്ടിയെ കാഞ്ഞങ്ങാട് ആവിക്കരയിലെ ലോഡ്ജ് മുറിയിലാക്കി മാതാപിതാക്കള്‍ പൂക്കള്‍ വില്‍ക്കാന്‍ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. പൂക്കള്‍ വിറ്റ് കിട്ടിയ പണം ലോഡ് ജ് മുറിയില്‍ സൂക്ഷിച്ചിരുന്നു. 10 വയസുകാരന്‍ ഒറ്റയ്ക്കായ സമയത്ത് മുറിയിലെത്തിയ സഹീര്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം 8,500 രൂപയുമായി കടന്നുകളയുകയായിരുന്നു.

മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത ഹൊസ് ദുര്‍ഗ് പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റുചെയ്തിരുന്നു. സഹീറിനെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി റിമാണ്ട് ചെയ്തു. 2012 ല്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച സഹീര്‍ മുങ്ങുകയായിരുന്നു. സ്വദേശമായ ജൂവല്‍ പാളിയ ഗ്രാമത്തില്‍ പൊലീസ് എത്തി നിരവധി തവണ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പൊലീസ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കോടതി സഹീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2023ല്‍ സഹീര്‍ സിം കാര്‍ഡ് എടുത്തതോടെയാണ് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. സഹീര്‍ ആന്ധ്രാപ്രദേശിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശപ്രകാരം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആന്ധ്രയിലെത്തി സഹീറിനെ പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it