പലസ്തീന്‍ പതാക നോട്ട് ബുക്കില്‍ വരച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; പ്രതിഷേധം ശക്തം

കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പലസ്തീനിന്റെ പതാക നോട്ട് ബുക്കില്‍ വരച്ചത്

മഞ്ചേശ്വരം : മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്‌കൂളില്‍ പലസ്തിന്‍ പതാക നോട്ട് ബുക്കില്‍ വരച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. പ്രശ്നം വിവാദമായപ്പോള്‍ രക്ഷിതാക്കളെത്തി പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കയറ്റി. കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പലസ്തീനിന്റെ പതാക നോട്ട് ബുക്കില്‍ വരച്ചത്. ഇതേ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികളോട് രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവന്ന് സ്‌കൂളില്‍ കയറിയാല്‍ മതിയെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ സ്‌കൂളിലേക്ക് കൂട്ടമായെത്തി. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തുന്നതിനിടെ സ്‌കൂളിലെ ഒരു ജീവനക്കാരന്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങി മുങ്ങുകയും ചെയ്തു. ഇത് ഏറെ നേരം പ്രശ്നം സൃഷ്ടിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി ഗൗരവമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം എസ്.ഡി.പി.ഐ പ്രസിഡണ്ട് ഷെരീഫ് പാവൂര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

ഒരാഴ്ച മുമ്പ് കുമ്പള സ്‌കൂള്‍ കലോല്‍സവത്തില്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈംഷോ ചില അധ്യാപകര്‍ ഇടപെട്ട് തടഞ്ഞിരുന്നു. മൈംഷോ പൂര്‍ത്തിയാകും മുമ്പ് പരിപാടി തടസ്സപ്പെടുത്തും വിധം കര്‍ട്ടന്‍ താഴ്ത്തുകയാണുണ്ടായത്. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും വിവിധ സംഘടനകളും ശക്തമായി രംഗത്തുവന്നതോടെ പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെടുകയും മൈംഷോ വേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഈ വിഷയം കെട്ടടങ്ങിയപ്പോഴാണ് പലസ്തീന്‍ പതാക നോട്ട് ബുക്കില്‍ വരച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ സംഭവം നടന്നത്.

Related Articles
Next Story
Share it