വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി; കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

കുണ്ടംകുഴി: കുണ്ടംകുഴി ജി.എച്ച്.എസ്.എസ്സില്‍ പ്രഥമാധ്യാപകന്റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം പൊട്ടിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. കുണ്ടംകുഴി ടൗണ്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കുണ്ടംകുഴി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ എം.അശോകനെതിരെയാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂള്‍ അസംബ്ലിക്കിടെ വിദ്യാര്‍ത്ഥി കാല്‍ കൊണ്ട് ചരല്‍ മാറ്റിയതാണ് അശോകനെ പ്രകോപിപ്പിച്ചത്. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് തന്നെ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ സ്‌കൂളിലെ അധ്യാപകരും പി.ടി.എയും ഇടപെട്ടതായും വിവരമുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

