വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം; ആരോപണ വിധേയനായ അധ്യാപകനെ സ്ഥലം മാറ്റി
പ്രധാനാധ്യാപകന്‍ എ. അശോകയെയാണ് കടമ്പാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയത്

കുണ്ടംകുഴി: പ്രധാനാധ്യാപകന്റെ അടിയേറ്റ് കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ സ്ഥലം മാറ്റി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എ. അശോകയെയാണ് കടമ്പാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് , വകുപ്പുതല നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായി ഇയാളെ സ്ഥലം മാറ്റിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണത്തില്‍ പ്രധാനാധ്യാപകന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 11നാണ് സ്‌കൂളിലെ അസംബ്ലിക്കിടെ കാല്‍ കൊണ്ട് ചരല്‍ മാറ്റിയതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എ.അശോക മര്‍ദ്ദിച്ചത്. മുഖത്തടിയേറ്റ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടത്തിന് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നാലെയാണ് സംഭവം വിവാദമായത്. ബാലാവകാശ കമ്മീഷനും ബേഡകം പൊലീസും കേസ് എടുത്തു.
ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടന്നതായി ആരോപണമുയര്‍ന്നിരുന്നു. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നേതാക്കളും സിപിഎം, യുവജന, വിദ്യാര്‍ത്ഥി സംഘടനകളും വിഷയത്തില്‍ അധ്യാപകനെ പരോക്ഷമായി പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.