വിഭജന ദിനാചരണം; കാസര്‍കോട് ഗവ. കോളേജില്‍ സംഘര്‍ഷം
എസ്.എഫ്.ഐ- എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കാസര്‍കോട്: ഗവ. കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ-എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ക്യാമ്പസുകളില്‍ വ്യാഴാഴ്ച വിഭജന ദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ ആഹ്വാനത്തെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ കാസര്‍കോട് ഗവ. കോളേജിലും കേന്ദ്ര സര്‍വകലാശാലയിലും വിഭജന ദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് ഗവ. കോളേജിലെ നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ച പോസ്റ്റര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കീറിക്കളഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ വിഭജന ദിനാചരണം കഴിഞ്ഞ ശേഷമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. നോട്ടീസ് ബോര്‍ഡില്‍ വിഭജന കാലത്തെ വാര്‍ത്താ കട്ടിംഗുകള്‍ അടക്കമുള്ള നാല് പോസ്റ്ററുകളാണ് പതിച്ചിരുന്നത്. ഇവ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞതോടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഓടിയെത്തി. തുടര്‍ന്ന് പരസ്പരം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഉടന്‍ തന്നെ പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ നീക്കുകയായിരുന്നു.