ടെമ്പോ ട്രാവലര്‍ ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അപകടം നടന്നത് പിതാവിന്റെ ഒന്നാംചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കാഞ്ഞങ്ങാട്: ടെമ്പോ ട്രാവലര്‍ ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥിയും കാരമല സ്വദേശിയുമായ കണ്ടത്തില്‍ ആല്‍ബര്‍ട്ട് ജോയിസ്(20)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ചിറ്റാരിക്കാല്‍ നയാര പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് പിറകിലോട്ട് നീങ്ങിയ ടെമ്പോ ട്രാവലര്‍ ആല്‍ബര്‍ട്ട് ഓടിച്ചുവരികയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ചെറുപുഴയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിതാവിന്റെ ഒന്നാംചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനാണ് ആല്‍ബര്‍ട്ട് ചിറ്റാരിക്കാലിലെത്തിയത്. വൈകിട്ട് മാതാവിനെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ബൈക്കില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാരമലയിലെ പരേതനായ കണ്ടത്തില്‍ ജോയ്സിന്റെ മകനാണ് ആല്‍ബര്‍ട്ട് ജോയ്സ്. സഹോദരി ആന്‍ഡിയ.

Related Articles
Next Story
Share it