വൊര്‍ക്കാടിയില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

കൊല്ലൂരില്‍ നിന്നാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്

മഞ്ചേശ്വരം: വൊര്‍ക്കാടി ബേക്കറി ജംഗ്ഷന്‍ നല്ലങ്കിപ്പദവില്‍ ഉറങ്ങിക്കിടന്ന അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ശേഷം ഒളിവില്‍ പോയ മകനെ പൊലീസ് കര്‍ണാടകയില്‍ നിന്ന് പിടികൂടി. കൊല്ലൂരില്‍ നിന്നാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൃത്യം നടത്തിയ ശേഷം മെല്‍വിന്‍ മംഗലാപുരം ഭാഗത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്് മഞ്ചേശ്വരം പൊലീസ് കര്‍ണാടക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നല്ലങ്കിപ്പദവിലെ ലൂയിസിന്റെ ഭാര്യ ഹില്‍ദ ഡിസൂസ(60)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ ലോലിത(32)യെയും മെല്‍വിന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തലയ്ക്കും കാലിനും പൊള്ളലേറ്റ ലോലിത മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ മെല്‍വിന്‍ ലോലിതയുടെ വീട്ടിലെത്തി അമ്മയ്ക്ക് സുഖമില്ലെന്നും വീട്ടിലേക്ക് വരണമെന്നും അറിയിച്ചു.അതിനിടെയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഹില്‍ദയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണുന്നത്. കാര്യം അന്വേഷിക്കുമ്പോള്‍ ലോലിതക്ക് നേരെയും മെല്‍വിന്‍ തീ കൊളുത്തുകയായിരുന്നു.

മഞ്ചേശ്വരം സി.ഐ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it