അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന സമൂഹത്തിന്റെ രീതി മാറണം; സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം

വിമര്‍ശനങ്ങളെ ഭയക്കാതെ പരാതിപ്പെടാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീസുരക്ഷ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ അംഗം

കാസര്‍കോട്: അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന സമൂഹത്തിന്റെ രീതി മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ കാസര്‍കോട് ജില്ല അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം.

വിമര്‍ശനങ്ങളെ ഭയക്കാതെ പരാതിപ്പെടാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീസുരക്ഷ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. നവമാധ്യമങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. വേതനം കൃത്യസമയത്ത് നല്‍കാതിരിക്കുക, ജോലി സ്ഥലത്തെ പീഡനങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ സ്ഥാപനമേലധികാരികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.

ജില്ലാ സിറ്റിങ്ങില്‍ 23 പരാതികളില്‍ മൂന്നു പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിന് മാറ്റിവെച്ചു. 17 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ഗാര്‍ഹിക പീഡനം, സ്ത്രീ പീഡനം, ജോലി സംബന്ധമായ പരാതികള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ആണ് വനിതാ കമ്മീഷന്റെ ജില്ലാ അദാലത്തില്‍ പരിഗണിച്ചത്. അഡ്വക്കേറ്റ് ഇന്ദിരാവതി, കാസര്‍കോട് വനിതാ സെല്‍ എ എസ് ഐ മാരായ സക്കീനത്തവി, സുപ്രഭ കമ്മീഷന്‍ ഉദ്യോഗസ്ഥരായ ജയന്തി, പ്രീത എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it