നബിദിന റാലിയില്‍ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യം; സാമൂഹ്യ പ്രവര്‍ത്തകന്‍ ഉബൈദുല്ല കടവത്ത് അന്തരിച്ചു

ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു

കാസര്‍കോട്: സാമൂഹൃ, സാംസ്‌കാരിക -രാഷ്ട്രീയ പ്രവര്‍ത്തകനും മേല്‍പറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരില്‍ താമസക്കാരനുമായ ഉബൈദുല്ലകടവത്ത് (63) അന്തരിച്ചു. നബിദിന പരിപാടിയില്‍ സംബന്ധിക്കാന്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളിയിലേക്ക് പോയ ഉബൈദുല്ലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്‍ സി പി ശരത് പവാര്‍ വിഭാഗം കാസര്‍കോട് ബ്ലോക്ക് മുന്‍ പ്രസിഡന്റും നിലവില്‍ ജില്ലാ നിര്‍വ്വാഹക സമിതി അംഗവുമാണ്. ജില്ലാ ജനകീയ നീതി വേദിയുടെയും നിരവധി സംഘടനകളുടെയും സജീവ സാന്നിധ്യം വഹിച്ചു.

ബങ്കരക്കുന്ന് കുദൂര്‍ റോഡ് നന്നാക്കാനായി നിരന്തരം പ്രവര്‍ത്തിച്ചു വരികയായിരുന്നു. കടവത്ത് പരേതരായ അബ്ദുല്‍ റഹ്‌മാന്‍ - ബീഫാത്തിമ ദമ്പതികളുടെ മകനാണ്. പ്രവാസിയാണ്. പഴയ ബസ് സ്റ്റാന്റിലെ ദര്‍ബാര്‍ ഹോട്ടല്‍ ജീവനക്കാരനാണ്.

ഭാര്യ: ഫരീദ. മക്കള്‍: ഉനൈഫ് (ഇന്റീരിയല്‍ ഡിസൈനര്‍, എഞ്ചിനിയര്‍), അബ്ദുല്ല, അബൂബക്കര്‍ സിദ്ധീഖ് (ഇരുവരും ദുബൈ). മരുമകള്‍: ഷിഫാന. സഹോദരങ്ങള്‍: സുബൈര്‍, ഫാറുഖ്, മുനീര്‍, അക്ബര്‍, ഖദീജ, ഉമ്മു ഹലീമ, റഹ്‌മത്ത് ബീവി. മയ്യത്ത് വെള്ളിയാഴ്ച അസറിന് ശേഷം നെല്ലിക്കുന്ന് മുഹ്യുയുദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

Related Articles
Next Story
Share it