ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു; ബദിയടുക്കയില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു.

ബദിയടുക്ക: ജില്ലയില്‍ തെരുവുനായ ശല്യത്തിന് കുറവില്ല. വിവിധ ഇടങ്ങളിലായി ഓരോ ദിവസവും തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. നീര്‍ച്ചാലിലെ ഏണിയര്‍പ്പിലും പരിസരങ്ങളിലും തിങ്കളാഴ്ചയുണ്ടായ തെരുവ് നായ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് പരിക്കേറ്റത്.ബിര്‍മ്മിനടുക്ക അംഗന്‍വാടി ജീവനക്കാരി ഏണിയര്‍പ്പിലെ ജോണ്‍സി എന്ന അശ്വതി(48), ഓട്ടോ ഡ്രൈവര്‍ ഏണിയര്‍പ്പിലെ ഹരിഹരന്റെ മകള്‍ നവന്യ(4), ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ റിസ്വാന(19), പുതുക്കോളിയിലെ പത്മനാഭ ഷെട്ടിയുടെ മകള്‍ ഷാന്‍വി(10) പുതുക്കോളി അംഗന്‍വാടിക്ക് സമീപത്തെ ചന്ദ്രന്‍(38) ബദിയടുക്ക ബഞ്ചത്തടുക്ക ഉന്നതിയിലെ ഗണേശന്‍(31)എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിക്കും രാത്രി എട്ട് മണിക്കുമിടയിലാണ് സംഭവം. വീടിന്റെ വരാന്തയില്‍ കളിച്ച്‌കൊണ്ടിരുന്ന മൂന്ന് വയസുകാരി നവന്യയെ പട്ടി കടിച്ച് വലിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് മാതാവ് ഓടിയെത്തി ശബ്ദമുണ്ടാക്കിയപ്പോഴാണ് നായ പിടിവിട്ടത്.

മംഗളൂരുവില്‍ ബന്ധുവിന്റെ ഗൃഹ പ്രവേശ ചടങ്ങില്‍ സംബന്ധിച്ച് ഏഴ് മണിയോടെ തിരികെയെത്തിയ അംഗന്‍വാടി ജീവനക്കാരിയായ അശ്വതിയെ കാറില്‍ നിന്നിറങ്ങുമ്പോള്‍ നായ പിന്നാലെയെത്തി കാലിന് കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട് വരന്ത വൃത്തിയാക്കുന്നതിനിടെയാണ് റിസ്വാനയ്ക്ക് കടിയേറ്റത്. കൈക്കും കാലിനുമാണ് പരിക്ക്. വീട്ടു മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് ഷന്‍വിക്ക് കടിയേറ്റത്. ചന്ദ്രനേയും ഗണേഷനേയും നടന്ന് പോകുന്നതിനിടെ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. വളര്‍ത്ത് മൃഗളേയും പട്ടി കടിച്ച് പരിക്കേല്‍പിച്ചു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

നവന്യ സ്വകാര്യ ആസ്പത്രിയിലും മറ്റുള്ളവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും ചികിത്സ തേടി. ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ പണിതീരാതെ വീടുകളില്‍ തെരുവ് നായകള്‍ കൂട്ടമായെത്തുന്നത്. ഇവ വാഹന യാത്രക്കാര്‍ക്കും,കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. മുന്‍ വര്‍ഷങ്ങളില്‍ തെരുവ് പട്ടികളെ പിടികൂടി വന്തീകരണം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it