തൃക്കണ്ണാട് സ്ഥിതി രൂക്ഷം; സംസ്ഥാന പാത ഭീഷണിയില്‍; ഇന്നും മണ്ണിടിഞ്ഞു

ഉദുമ: കടലേറ്റം രൂക്ഷമായ തൃക്കണ്ണാട്, രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ സ്ഥിതി രൂക്ഷമായി. സംസ്ഥാന പാതയ്ക്ക് തൊട്ടരികില്‍ ഇന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന് പിന്നാലെ മണ്ണിടിഞ്ഞു. സംസ്ഥാന പാത ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്. കടലേറ്റം തുടര്‍ന്നാല്‍ തൃക്കണ്ണാട്-കോട്ടിക്കുളം ഭാഗത്തുള്ള സംസ്ഥാന പാത പൂര്‍ണമായും ഇല്ലാതാവും. . ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചാല്‍ കാസര്‍കോട് ഭാഗത്തേക്കും തിരിച്ചും ഗതാഗതം നടത്തുന്നത് ഇതുവഴിയാണ് കടലേറ്റം തുടര്‍ന്നാല്‍ ഗതാഗതം അനിശ്ചിതത്വത്തിലായേക്കും.
ഉത്തര കേരളത്തില്‍ ബലിതര്‍പ്പണത്തിനായി കൂടുതല്‍ പേരും ആശ്രയിക്കുന്ന തൃക്കണ്ണാട് ക്ഷേത്രവും കടലെടുക്കുമെന്ന ആശങ്കയിലാണ്. ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കൊടുങ്ങല്ലൂര്‍ ഭഗവതി മണ്ഡപത്തിന്റെ ചുമരുകള്‍ കഴിഞ്ഞാഴ്ച കടലേറ്റത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. മണ്ഡപത്തിനകത്തെ കേടുപാടുകള്‍ കണക്കിലെടുത്ത്കരിങ്കല്‍ പ്രതിഷ്ഠ ഇവിടെ നിന്ന് മാറ്റി.
കോട്ടിക്കുളം, ബേക്കല്‍, അജാനൂര്‍ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മത്സ്യബന്ധനം പ്രതിസന്ധിയിലായി. തീരദേശ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ ഭീഷണിയിലാണ്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിടങ്ങള്‍ കടലേറ്റത്തില്‍ തകര്‍ന്നു. കടലേറ്റം ചെറുക്കാന്‍ കടല്‍ഭിത്തി പണിയണമെന്നാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം. മഴ കനക്കുകയാണെങ്കില്‍ സ്ഥിതി രൂക്ഷമാവുന്ന സാഹചര്യമാണ്.ബുധനാഴ്ച എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പുവും എം രാജഗോപാലനും ജലവിഭവവകുപ്പ് മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. അടിയന്തിരമായി ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.