സര്‍വീസ് റോഡ് ഹമ്പുകള്‍ ഇനി കാണാം; തിരിച്ചറിയല്‍ രേഖ പതിച്ചു; മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും

കാസര്‍കോട്: ദേശീയപാത 66ല്‍ അടിപ്പാതയ്ക്ക് സമീപമുള്ള സര്‍വീസ് റോഡിലെ ഹമ്പുകള്‍ തിരിച്ചറിയാന്‍ വെളുത്ത രേഖകള്‍ പതിച്ചു. നേരത്തെ ഹമ്പ് ഒരുക്കിയിരുന്നുവെങ്കിലും തിരിച്ചറിയല്‍ രേഖകളോ ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഹമ്പ് കാണാനാവാത്തതിനാല്‍ അപകടസാധ്യത സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് തിരിച്ചറിയാനുള്ള രേഖകള്‍ പതിച്ചത്. ഇനി മുന്നറിയിപ്പ് ബോര്‍ഡുകള്‍ കൂടി വൈകാതെ സ്ഥാപിക്കും.
ദേശീയ പാത 66ല്‍ ചെങ്കള-തലപ്പാടി റീച്ചില്‍ അടിപ്പാതയ്ക്ക് സമീപം സര്‍വീസ് റോഡില്‍ നിലനില്‍ക്കുന്ന അപകട ഭീഷണി നേരത്തെ ചര്‍ച്ചയായിരുന്നു. അടിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ജീവന്‍ പണയം വെച്ച് കടക്കേണ്ട സാഹചര്യമായിരുന്നു. നാലാം മൈലില്‍ അടിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കവെ പൊലീസ് വാഹനത്തില്‍ ലോറി ഇടിച്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിക്കാനും ഇടയായി. ഇത് വലിയ ചര്‍ച്ചയായതോടെയാണ് ദേശീയപാത നിര്‍മാണ കമ്പനി നടപടികള്‍ സ്വീകരിച്ചത്. അടിപ്പാതയില്‍ നിന്ന് കൂടുതല്‍ മുന്നോട്ടെടുത്താല്‍ മാത്രമാണ് സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. അത് അപകടസാധ്യത കൂട്ടുന്നു. ഇതിന് പരിഹാരമെന്നോണമാണ് അടിപ്പാതകള്‍ക്ക് സമീപമുള്ള സര്‍വീസ് റോഡില്‍ ഹമ്പുകള്‍ സ്ഥാപിച്ചത്. ഹമ്പുകള്‍ സ്ഥാപിച്ചെങ്കിലും ഇത് തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കാതിരുന്നത് അപകടക്കെണി കൂട്ടി. പിന്നീടാണ് ഹമ്പുകള്‍ തിരിച്ചറിയാന്‍ വെളുത്ത നിറത്തില്‍ രേഖകള്‍ പതിച്ചത്.
ദേശീയപാത 66ല്‍ സംസ്ഥാനത്ത് ആദ്യം തുറന്ന് കൊടുക്കുന്ന റീച്ചാണ് 39 കിലോ മീറ്റര്‍ നീളുന്ന ചെങ്കള-തലപ്പാടി റീച്ച്. പെയിന്റിംഗ് പോലുള്ള മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ റീച്ച് പണി പൂര്‍ത്തിയായതോടെ ദേശീയപാത അതോറിറ്റി ഏറ്റെടുത്തുകഴിഞ്ഞു.