മഴക്കാല അപകടങ്ങളെ നേരിടാന്‍ സ്‌കൂളുകള്‍ നടപടി സ്വീകരിക്കണം; കര്‍ശന നിര്‍ദേശം



കാസര്‍കോട്: മഴക്കാല അപകടങ്ങളുടെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് കര്‍ശനമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. എല്ലാ സ്‌കൂളുകളിലെയും സുരക്ഷാ സമിതികള്‍ അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശിച്ചു. സ്ഥാപന മേധാവിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റികള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ വിലയിരുത്തണം. കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ, വൈദ്യുത ലൈനുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും സാമീപ്യവും അപകട സാധ്യതയും, സ്‌കൂളിന് സമീപത്തെ ജലാശയം, കിണറുകള്‍, റോഡുകള്‍, വന്യജീവികളില്‍ നിന്നുള്ള ഭീഷണി, സ്‌കൂള്‍ ഗതാഗത സുരക്ഷ, അഗ്നിബാധ, പൊതുദുരന്ത സാധ്യത എന്നിവ വിലയിരുത്തണം.

തിരിച്ചറിഞ്ഞ അപകടസാധ്യതകള്‍ പരിഹരിക്കുന്നതിന് സ്‌കൂള്‍ സമിതികള്‍ കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി (കെട്ടിടങ്ങള്‍), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആര്‍.ടി.ഒ, വനം വകുപ്പ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവയിലെ സാങ്കേതിക വിദഗ്ധരുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ (എല്‍.എസ്.ജി.ഡി) എഞ്ചിനീയറിംഗ് വിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ആവശ്യമായ സാങ്കേതിക സഹായം നല്‍കാനും സ്‌കൂള്‍ അധികാരികളുമായി സഹകരിച്ച് വേഗത്തിലുള്ള നടപടി ഉറപ്പാക്കാനും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

എല്ലാ സ്‌കൂളുകളും സ്‌കൂള്‍ ദുരന്തനിവാരണ പദ്ധതിയുടെ അനുബന്ധം തയ്യാറാക്കണം. കമ്മിറ്റി യോഗങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.

എ.ഡി.എം പി. അഖിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യുടെ യോഗത്തിലാണ് തീരുമാനം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it