'മയക്കുമരുന്ന് ജീവന്‍ കൊല്ലും; ഞാനൊരു ബലിയാട്...' ലഹരിമുക്ത കേരളത്തിനായി പദയാത്രയുമായി സ്വാലിഹ്

കാസര്‍കോട്: സ്വാലിഹിന് വലിയ കുറ്റബോധമുണ്ട്. എല്ലാം തുറന്ന് പറയാന്‍ ഒരു മടിയുമില്ല. 18-ാം വയസ് മുതല്‍ മയക്കുമരുന്നിന് അടിമയായി, കാശ് കിട്ടാതെ വന്നപ്പോള്‍ പിതാവിന്റെ കഴുത്തില്‍ കത്തി വരെ വെച്ച് പേടിപ്പിച്ച സംഭവങ്ങളടക്കം പശ്ചാതാപത്തോടെ എല്ലാം സ്വാലിഹ് കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിവരിച്ചു. ഒടുവില്‍ ഇപ്പോള്‍ മയക്കുമരുന്ന് മാഫിയക്കെതിരെ, മാരക വിപത്തിന്റെ പിടിയിലമര്‍ന്നുപോയ കൗമാരക്കാര്‍ക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് പാലക്കാട് സ്വദേശിയായ സ്വാലിഹ്. തിരുവനന്തപുരത്തേക്കുള്ള മുഹമ്മദ് സ്വാലിഹിന്റെ പദയാത്ര ഇന്ന് രാവിലെ കാസര്‍കോട്ട് നിന്ന് ആരംഭിച്ചു.
തന്റെ കൗമാരകാലഘട്ടം മുതലെ മയക്കുമരുന്നിന് അടിമയായ സ്വാലിഹ് പിന്നീടുണ്ടായ മനംമാറ്റത്തിലൂടെയും അനുഭവങ്ങളിലൂടെയും പൂര്‍ണ്ണമായും ലഹരിയില്‍ നിന്ന് മുക്തി നേടുകയായിരുന്നു. തുടര്‍ന്ന് ലഹരിക്കെതിരെയുള്ള നീണ്ട പോരാട്ടം ആരംഭിച്ചു. ലഹരി ആസക്തിമൂത്ത് മോഷണ ശ്രമത്തിനിടെ പിടിക്കപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിരുന്നു. പൊലീസില്‍ നിന്നും എക്സൈസില്‍ നിന്നും ലഭിച്ച പിന്തുണ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി പകര്‍ന്നു. ലഹരിക്കെതിരെ നൂറില്‍പരം ക്ലാസുകളും സന്നദ്ധ പരിപാടികളും സ്വാലിഹിന്റെ നേതൃത്വത്തില്‍ നടന്നു. 2020 മുതല്‍ 2025 വരെ ഏകദേശം അറുപതോളം പേരെ ലഹരിയില്‍ നിന്ന് പൂര്‍ണ്ണമായി മുക്തരാക്കാന്‍ തന്റെ പ്രവര്‍ത്തനം കഴിഞ്ഞിട്ടുണ്ടെന്ന് സ്വാലിഹ് അഭിമാനത്തോടെ ഓര്‍ക്കുന്നു.