കാസര്‍കോട് സബ് ജയിലിലെ റിമാണ്ട് പ്രതി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ മുബഷീര്‍ ആണ് മരിച്ചത്

കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലെ റിമാണ്ട് പ്രതി മരിച്ചു. ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ മുബഷീര്‍ (29) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 5.30 മണിയോടെ മുബഷിറിന് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ജയിലധികൃതര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മുബഷിറിന്റെ മരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗള്‍ഫിലായിരുന്ന മുബഷിര്‍ രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്നാഴ്ച മുമ്പ് പോക്സോ കേസിലെ വാറണ്ട് പ്രകാരം മുബഷിറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാണ്ട് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് സബ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. മാതാവ്; ഹാജിറ. സഹോദരങ്ങള്‍ : മുനവ്വര്‍, മുസമ്മില്‍, സല്‍മാന്‍.

Related Articles
Next Story
Share it